1460 ദിവസം, 46,72,385 പൊതിച്ചോറുകൾ; DYFI-യുടെ ഹൃദയപൂർവം’ പദ്ധതി 5-ാം വർഷത്തിലേക്ക്

കോഴിക്കോട്: ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ എന്ന മുദ്രാവാക്യവുമായി മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണംചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി അഞ്ചാം വർഷത്തിലേക്ക്. 2021 ഓഗസ്റ്റ് ഒന്നിനാണ് ഭക്ഷണവിതരണം അന്നത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനംചെയ്തത്.
അന്നുമുതലുള്ള 1460 ദിവസം 46,72,385 പൊതിച്ചോറുകളാണ് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്‌ഐ വിതരണംചെയ്തത്. ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റികളിലെ 264 മേഖലാ കമ്മിറ്റികളാണ് ഓരോദിവസവും ഭക്ഷണവിതരണം നടത്തുന്നത്. ഈ പദ്ധതിയോട് സഹകരിച്ച് പൊതിച്ചോറുകൾ നൽകിയവർക്ക് ജില്ലാകമ്മിറ്റി നന്ദിയറിയിച്ചു.
പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പൊതിച്ചോർ വിതരണംചെയ്തുകൊണ്ട് നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.സി. ഷൈജു, പ്രസിഡൻറ് എൽ.ജി. ലിജീഷ്, ട്രഷറർ കെ. അരുൺ,
ദിപു പ്രേംനാഥ്, ആർ. ഷാജി എന്നിവർ സംസാരിച്ചു.
Content Highlights: Five Years of 'Hridayapoorvam': DYFI's Free Meal Program Nourishes Kozhikode Medical College Patient