പലഹാരം മുതല്‍ മിഠായി വരെ; തേങ്ങയിൽനിന്ന് പുതിയ മൂല്യവർധിത ഉത്പന്നങ്ങൾ വികസിപ്പിക്കുന്നു

കൊച്ചി: ഇളനീരില്‍നിന്നും തേങ്ങാ പൊങ്ങില്‍നിന്നും പുതിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി നാളികേര വികസന ബോര്‍ഡ്. മത്തങ്ങ, സൂര്യകാന്തി എന്നിവയുടെ കുരുവും തേങ്ങയും ചേര്‍ത്തുള്ള പലഹാരം, ടൂട്ടി ഫ്രൂട്ടി മിഠായി തുടങ്ങിയവ ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങളില്‍ പെടും. ബോര്‍ഡിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നത്.
ഇളനീര്‍ സോഡ വിപണിയില്‍ ഉണ്ടെങ്കിലും ഇതിന്റെ സംഭരണ കാലാവധി കൂട്ടാനുള്ള പരീക്ഷണം നടന്നുവരികയാണ്. ടൂട്ടി ഫ്രൂട്ടിയുടെ സാങ്കേതികവിദ്യ ഉടന്‍തന്നെ സംരംഭകര്‍ക്കായി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ലഘു ഭക്ഷണ വിഭാഗങ്ങള്‍ക്കും കരിക്ക് ഐസ്‌ക്രീമിനും ആവശ്യം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ ഇത്തരം ടെക്‌നോളജിക്കായി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. അതിനാല്‍, ഈ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ബോര്‍ഡിനു പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ ഉത്പന്നങ്ങളുടെ സാമ്പിളുകളാണ് ബോര്‍ഡ് ആദ്യം അവതരിപ്പിക്കുക. പിന്നീട്, ആവശ്യക്കാരായ സംരംഭകര്‍ക്ക് ഇതിന്റെ ടെക്‌നോളജി നല്‍കും. നിലവില്‍ നാളികേര ചിപ്‌സിന്റെ ആറ് രുചികള്‍, നാളികേര പാലിന്റെ യോഗര്‍ട്ട്, വിവിധ രുചികളില്‍ തേങ്ങാപ്പാല്‍, കരിക്ക് ഐസ്‌ക്രീം തുടങ്ങി ഏഴ് ഉത്പന്നങ്ങളുടെ ടെക്‌നോളജി ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിവിധ ഉത്പന്നങ്ങളും ബോര്‍ഡ് വികസിപ്പിക്കുന്നുണ്ട്.
സംരംഭകര്‍ക്ക് കൈത്താങ്ങ്
ഉത്പന്നം നിര്‍മിക്കാനുള്ള പരിശീലനം മുതല്‍ സംരംഭം ആരംഭിക്കാനുള്ള സബ്‌സിഡി അടക്കം സംരംഭകര്‍ക്ക് നല്‍കും. ഒരു ദിവസം മുതല്‍ രണ്ട് ആഴ്ചവരെ നീണ്ടുനില്‍ക്കുന്ന പരിശീലനം വിവിധ ഉത്പന്നങ്ങളില്‍ നല്‍കുന്നുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളില്‍ 60 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. നടപ്പു സാമ്പത്തിക വര്‍ഷം 300 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 198 പേര്‍ക്ക് പരിശീലനം നല്‍കി.
Content Highlights: coconut, value added products, coconut development board, food