വീണ്ടും കയറി തേങ്ങാവില, ചാഞ്ചാടി വെളിച്ചെണ്ണ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കറുകച്ചാല്‍: ഇടവേളയ്ക്കുശേഷം തേങ്ങാവില വീണ്ടും കൂടുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 45-48 രൂപയായിരുന്നു തേങ്ങാവില. കഴിഞ്ഞ മാസം 90 രൂപയില്‍ എത്തിയശേഷം താഴേക്ക് വന്നെങ്കിലും ഇപ്പോള്‍ തിരിച്ചുകയറി.

ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോള്‍ മൊത്തവില 80 രൂപയും ചില്ലറ വില്‍പ്പന 85-87 രൂപയുമാണ്. തേങ്ങാവില ഉയരുന്നത് നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമാണ്. പൊതിക്കാത്ത തേങ്ങ 30-35 രൂപയ്ക്കും പൊതിച്ച തേങ്ങാ കിലോയ്ക്ക് 60 രൂപയ്ക്കും അവര്‍ക്ക് വില്‍ക്കാന്‍ കഴിയുന്നുണ്ട്.

തേങ്ങാവില കൂടുംതോറും വെളിച്ചെണ്ണവില 10-20 രൂപയോളം കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. തേങ്ങയുടെ വില അല്‍പം കുറഞ്ഞപ്പോഴും വെളിച്ചെണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. 390-420 രൂപ വരെയാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വിപണിവില. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 260-270 രൂപയായിരുന്നു വെളിച്ചെണ്ണയ്ക്ക്. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണം.

വെളിച്ചെണ്ണവില പോയ പോക്ക് (ഒരു വര്‍ഷത്തെ കണക്ക്)

• കഴിഞ്ഞ സെപ്റ്റംബര്‍-260-270

• ഒക്ടോബര്‍-270-280

• നവംബര്‍-280-290

• ഡിസംബര്‍-280-270

• ജനുവരി-270-280

• ഫെബ്രുവരി-270-290

• മാര്‍ച്ച്-290-300

• ഏപ്രില്‍-300-320

• മേയ്-350-380

• ജൂണ്‍-380-400

• ജൂലായ്-420-440

• ഓഗസ്റ്റ് 410-430

• സെപ്റ്റംബര്‍-390-400

(കമ്പനി അനുസരിച്ച് വില വ്യത്യാസമുണ്ട്)

തേങ്ങാവില ഇങ്ങനെ

• ഡിസംബര്‍-ജനുവരി-60-45

• ജനുവരി-ഫെബ്രുവരി-60-65

• മാര്‍ച്ച്-ഏപ്രില്‍-70-80

• മേയ്-ജൂണ്‍-77-85

• ജൂണ്‍-ജൂലായ്-80-85

• ഓഗസ്റ്റ്-85-90

• സെപ്റ്റംബര്‍-80-85.

കര്‍ഷകര്‍ക്ക് ആശ്വാസം
തേങ്ങായുടെ വില മെച്ചപ്പെടുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. പച്ചതേങ്ങാ പൊതിക്കാതെ 35 രൂപയോളം കിട്ടുന്നുണ്ട്. കിലോയ്ക്ക് 60 രൂപയോളം നേരിട്ട് കൊടുക്കുമ്പോള്‍ കിട്ടും.
-കെ.രാജഗോപാല്‍. നാളികേര കര്‍ഷകന്‍ വെച്ചൂര്‍

എന്തുചെയ്യാന്‍ പറ്റും
വെളിച്ചെണ്ണയും തേങ്ങയും ഇല്ലാതെ അടുക്കള പ്രവര്‍ത്തിക്കില്ലല്ലോ. തീപിടിച്ച വിലയ്ക്ക് എങ്ങനെ ഭക്ഷണം വിളമ്പും. വില കൂടിയെന്ന കാരണത്താല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാന്‍ കഴിയില്ലല്ലോ."
-കെ.കെ.ഫിലിപ്പുകുട്ടി. കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി.

Content Highlights: Coconut oil price in Kerala