രുചിയുടെ താളപ്പെരുമയില്‍ ആറന്മുള വള്ളസദ്യ; പരിചയപ്പെടാം 67 വിഭവങ്ങൾ

ആറന്മുള വള്ളസദ്യയിലെ 67 കൂട്ടം വിഭവങ്ങൾ (ചോറൊഴികെ)| ഫോട്ടോ: JYOTHI THEKKINKATTIL
ആറന്മുള വള്ളസദ്യയിലെ 67 കൂട്ടം വിഭവങ്ങൾ (ചോറൊഴികെ)| ഫോട്ടോ: JYOTHI THEKKINKATTIL

പാർഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾക്ക് ഞായറാഴ്ച തുടക്കമായി.  ഓതറ, ളാക-ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ പള്ളിയോടങ്ങളാണ് ഞായറാഴ്ച വള്ളസ്സദ്യയിൽ പങ്കെടുക്കുന്നത്.

കിഴക്ക് റാന്നി-ഇടക്കുളംകാരും പടിഞ്ഞാറ് ചെന്നിത്തലക്കാരും ഇടയ്ക്കൊരു അൻപത് കരകളും കൈയും മെയ്യും ഒരുക്കി നില്പാണ്. അമരത്ത് അച്യുതനെ ആവാഹിച്ച് ആറന്മുളയിലേക്ക് അശ്വവേഗം പൂണ്ടൊരു യാത്ര. മഹാതപസിലായിരുന്ന പള്ളിയോടങ്ങൾ  തീർഥയാത്രയ്ക്കിറങ്ങുകയായി. ആർപ്പോയിൽ തുടങ്ങി ആവേശത്തിന്റെ ആകാശത്തേരിലേറ്റുന്ന വഞ്ചിപ്പാട്ടിന്റെ താളം. 

ഈ വര്‍ഷം ജൂലൈ 13 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യ. വള്ളസദ്യയുടെ പ്രധാന ആചാരം വള്ളംകളിക്കാർ 'വഞ്ചിപ്പാട്ട്' പാടി വിഭവങ്ങൾ ആവശ്യപ്പെടുന്നതാണ്. അവർ ആവശ്യപ്പെടുന്ന എല്ലാ വിഭവങ്ങളും വിളമ്പണം, ഒന്നും നിരസിക്കാൻ പാടില്ല.

ആറന്മുള വള്ളസദ്യയിലെ 67 വിഭവങ്ങൾ പരിചയപ്പെട്ടാലോ....

1.ചോറ്
2.പരിപ്പ്
3.പർപ്പടകം
4. നെയ്യ്
5. സാമ്പാർ
6.പുളിശേരി
7.രസം
8.പച്ചമോര്
9. അവിയൽ
10. മധുര പച്ചടി
11.പാവയ്ക്കാ കിച്ചടി
12. ബീറ്റ്റൂട്ട് കിച്ചടി
13. തോരൻ
14. ഇഞ്ചിക്കറി
15. മാങ്ങാ അച്ചാർ
16. നാരങ്ങാ അച്ചാർ
17.നെല്ലിക്ക അച്ചാർ
18. ചമ്മന്തിപ്പൊടി
19.ആറന്മുള വറുത്ത എരിശേരി
20. സ്റ്റൂ
21. വഴുതനങ്ങ മെഴുക്ക്പുരട്ടി
22. പഴം നുറുക്ക്
23. ഉണ്ണിമാങ്ങ
24. ഏത്തക്കാ ഉപ്പേരി
25. ശർക്കരപുരട്ടി
26. ചേമ്പ് ഉപ്പേരി
27. ചേന ഉപ്പേരി
28. ഉണ്ണിയപ്പം
29. പരിപ്പുവട
30. എള്ളുണ്ട
31. കൽക്കണ്ടം
32. കറുത്ത മുന്തിരി
33. അവൽ
34. മലർ
35. പഞ്ചസാര
36. ശർക്കര
37. കരിമ്പ്
38. അടപ്രഥമൻ
39. പാൽപ്പായസം
40. കടല പ്രഥമൻ
41. പഴം പായസം
42. പഴം
43. കരിങ്ങാലി വെള്ളം
44. ഉപ്പ്
45. വെണ്ണ
46. അരവണ പായസം
47. ശർക്കര പായസം
48. ഉണ്ട ശർക്കര
49. കാളിപ്പഴം
50. പൂവൻപഴം
51. കദളിപ്പഴം
52. തേൻ
53. ചുക്കുവെള്ളം
54. അമ്പഴങ്ങ അച്ചാർ
55. ഓലൻ
56. ചീര തോരൻ
57. മടന്തയില തോരൻ
58. തകര തോരൻ
59. മോദകം
60. പഴുത്ത മാങ്ങാ കറി
61. അട
62. ഇഞ്ചിത്തൈര്
63. കട്ടത്തൈര്
64. പാളത്തൈര്
65. വെള്ളി കിണ്ടിയിൽ പാൽ
66. ഉണ്ണി ഉണ്ട ശിഷ്ടം ( നിവേദ്യ ചോറ് വഴുതനങ്ങാ മെഴുക്കുപുരട്ടി സഹിതം)
67. പമ്പാ തീർഥം

ആറന്മുള വള്ളസദ്യ| ഫോട്ടോ: വൈ ഷെറിൻ

പാടിത്തുഴഞ്ഞ് പള്ളിയോടങ്ങൾ

ആറന്മുള പള്ളിയോടത്തിനും വള്ളസ്സദ്യ വഴിപാടിനുമുള്ള ആചാരങ്ങൾ സമാനതകളില്ലാത്തതാണ്. മറ്റ് ചുണ്ടൻവള്ളങ്ങളിൽ  പ്രവേശിക്കുംപോലെ പള്ളിയോടത്തിൽ കയറാനാകില്ല. നഗ്നപാദരായി മേൽവസ്ത്രമണിയാതെയാണ് പ്രവേശം. സ്ത്രീകൾക്ക് പള്ളിയോടത്തിൽ പ്രവേശിക്കാനാകില്ല. അമരത്തിൽ നിൽക്കുന്ന നാല് അടനയമ്പുകാർ നാല് വേദങ്ങളെയും 64 തുഴച്ചിലുകാർ 64 കലകളെയും പള്ളിയോടത്തിന്റെ കാറ്റുമറയ്ക്ക് മുമ്പിലിരുന്ന് തുഴയുന്ന തുഴച്ചിലുകാർ അഷ്ടദിക്പാലകരേയും കാറ്റുമറയിൽ നിന്ന് വഞ്ചിപ്പാട്ട് പാടുന്നവർ ഭഗവാന്റെ സ്തുതിപാഠകരുമെന്നാണ് വിശ്വാസം. വഴിപാടുകാർ വഴിപാടിന് തിരഞ്ഞെടുക്കുന്ന കരയിൽച്ചെന്ന് കരനാഥൻമാരെ ക്ഷണിക്കണം. വഴിപാട് ദിവസം ആറന്മുള ക്ഷേത്ര ശ്രീകോവിലിൽനിന്നും പൂജിച്ച പൂമാലവാങ്ങി വഴിപാടുകാർ കരയിൽ കൊണ്ടുനൽകി കരനാഥൻമാരെ അവിടെനിന്നും പള്ളിയോടത്തിൽ വെറ്റില പുകയില നൽകി യാത്രയാക്കണം.
 

Content Highlights: Aranmula Valla Sadhya: A Glimpse into the Sacred Boat Festival and its 67-Dish Feast