അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീട് ആക്രമിച്ചോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

വോട്ട് തട്ടിപ്പ് ആരോപണവും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി ഡൽഹിയിൽ നടത്തിയ പ്രതിഷേധ റാലിക്കിടെ രാഹുൽ ഗാന്ധിയുടെ വീടിന് നേരെ പോലീസ് ആക്രമണം ഉണ്ടായി എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് എക്സിൽ വൈറലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി പോലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതി ആക്രമിച്ചതെന്നാണ് പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

അന്വേഷണം

കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലെ വൻ ജനപങ്കാളിത്തം കണ്ട ശേഷം അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വസതി ആക്രമിച്ചു, വെടിവെപ്പ് റിപ്പോർട്ട് ചെയ്തു എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. ഇക്കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു ഈ സംഭവമെന്നാണ് വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ടൈംസ് ഓഫ് ഇന്ത്യ 2019 ഡിസംബർ 15-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതേ ദൃശ്യങ്ങൾ ഉള്ളതായി കണ്ടെത്തി. 2019 ഡിസംബറിൽ നടന്ന സി.എ.എ (CAA) വിരുദ്ധ പ്രക്ഷോഭത്തിനിടെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഉണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്

രാഹുൽ ഗാന്ധിയുടെ വീട് ആക്രമിച്ചു എന്ന പ്രചാരണം തീർത്തും വസ്തുതാവിരുദ്ധമാണെന്നും പഴയ വീഡിയോ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഡൽഹി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി വ്യക്തമാക്കിതായി തുടർപരിശോധനയിൽ കണ്ടെത്തി.

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്

https://timesofindia.indiatimes.com/videos/city/delhi/watch-violence-escalates-during-anti-caa-protests-in-delhis-new-friends-colony/videoshow/72685564.cms 

ഇത് കൂടാതെ കേന്ദ്ര സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഈ ദൃശ്യങ്ങൾ 2019-ലെ സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വാസ്‌തവം

ഇത് വ്യാജപ്രചരണമാണ്. 2019-ൽ ഡൽഹിയിൽ നടന്ന പൗരത്വ ഭേദഗതി നിയമ (CAA) വിരുദ്ധ പ്രക്ഷോഭത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുൽ ഗാന്ധിയുടെ വസതി ആക്രമിച്ചു എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Viral claim alleges Delhi Police attacked Rahul Gandhi's residence under Amit Shah's instructions., Mathrubhumi Fact Check confirms the claim is completely fake., The video actually shows 2019 anti-CAA protests in New Friends Colony, Delhi., Both Delhi Police and PIB Fact Check verified that the footage is from 2019.