‘45 വർഷങ്ങൾക്ക് ശേഷം ABVP കേരള സർവകലാശാല പിടിച്ചെടുത്തു’ എന്ന പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ

45 വർഷങ്ങൾക്ക് ശേഷം എബിവിപി കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ സമ്പൂർണജയം നേടി ക്യാമ്പസുകൾ തൂത്തുവാരിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർഥികൾ എബിവിപി പതാകയേന്തി വിജയാഘോഷം നടത്തുന്ന ദൃശ്യങ്ങളാണ് പങ്കുവയ്ക്കപെടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചതിൽനിന്നും ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന സന്ദേശങ്ങളിൽ അവകാശപ്പെടുന്നതുപോലെ കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വലിയ മുന്നേറ്റം ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അത് വാർത്തയാക്കുമായിരുന്നു. എന്നാൽ, ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളൊന്നുംതന്നെ ഇല്ല. കേരള സർവകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളിൽ 62 ഇടത്തും ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ (SFI) ആണ് മികച്ച വിജയം നേടിയത്. നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ തന്നെ 41 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയിൽ മത്സരം നടന്ന 31 കോളേജുകളിൽ 29 ഇടത്തും എസ്എഫ്ഐ വിജയിച്ചു. കെഎസ് യുവിന്റെ (KSU) കയ്യിലായിരുന്ന വർക്കല എസ്എൻ കോളേജ്, നെടുമങ്ങാട് ഗവ. കോളേജ് ഉൾപ്പെടെയുള്ള പ്രധാന ക്യാമ്പസുകൾ എസ്എഫ്ഐ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. കൊല്ലം (13/19), ആലപ്പുഴ (15/17), പത്തനംതിട്ട (5/5) എന്നീ ജില്ലകളിലും എസ്എഫ്ഐ വിജയം നേടി. കേരള സർവകലാശാലയിലെ ഒരു കോളജിലും എബിവിപിക്ക് യൂണിയൻ ഭരണം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

https://share.google/rUXz5R3ZN7LaffD44 

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് image സെർച്ച് ചെയ്ത് അന്വേഷിച്ചു. പ്രചരിക്കുന്ന വിജയാഘോഷ വീഡിയോ 2025 ഓഗസ്റ്റ് 15-ന് ഇൻസ്റ്റഗ്രാമിൽ (abvp_pallikunne_unit) പോസ്റ്റ് ചെയ്തത്തായി കണ്ടെത്തി. 2025-ൽ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻററി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ ദൃശ്യമാണ്. അല്ലാതെ കോളേജ് തെരഞ്ഞെടുപ്പിലേതല്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

അതേസമയം, എംജി സർവകലാശാലയ്ക്ക് കീഴിലുള്ള തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിലെ 12 സീറ്റുകളിലും എബിവിപി വിജയിച്ചിട്ടുണ്ട്. ഇവിടെ എസ്എഫ്ഐ, കെഎസ്‌യു എന്നീ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് എബിവിപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

വാസ്തവം

കേരള സർവകലാശാല തെരഞ്ഞെടുപ്പ് എബിവിപി തൂത്തുവാരി എന്ന പ്രചാരണം വ്യാജമാണ്. കേരള സർവകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൻ ഭൂരിപക്ഷത്തോടെ വിജയം നിലനിർത്തുകയായിരുന്നു. എംജി സർവകലാശാലയ്ക്ക് കീഴിലെ തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജ് യൂണിയൻ ഭരണമാണ് എബിവിപി സ്വന്തമാക്കിയത്.

Content Highlights: Viral claim that ABVP captured Kerala University after 45 years is completely false., SFI secured massive victories in most colleges under Kerala University in the recent elections., The viral celebration video is actually from a school election in 2025 at Pallikkunnu Govt Higher Secondary School., ABVP secured an uncontested win only at Tripunithura Govt Sanskrit College under MG University.