മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിൽ കയറിക്കൂടിയ ക്രിമിനലുകളെന്ന് പി ജയരാജൻ പറഞ്ഞോ? | Fact Check

ഡിവൈഎഫ്ഐ- എസ്എഫ്ഐ നേതാക്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സിനിമാതാരം മമ്മൂട്ടിക്കെതിരെ വ്യാപക സൈബറാക്രമണമാണ് നടന്നത്. സിപിഎം നേതാക്കളിൽ പലരും താരത്തിന് പ്രതിരോധം തീർത്ത് രംഗത്ത് വരുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെടുത്തി സിപിഎം നേതാവ് പി. ജയരാജന്റെ പേരിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “മമ്മൂട്ടിയോടുള്ള സൈബർ ആക്രമണം നടത്തുന്നത് സിപിഐഎമ്മിൽ കയറിക്കൂടിയ ക്രിമിനൽ വാസനയുള്ള എസ്ഡിപിഐ ആർഎസ്എസ് ക്രിമിനലുകളാണ്” എന്ന് ജയരാജൻ പറഞ്ഞു എന്ന ആരോപണത്തോടെയാണിത്. എന്നാൽ, ഈ അവകാശവാദം പൂർണ്ണമായും വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ പി. ജയരാജൻ നേരെത്തെതന്നെ ഫേസ്ബുക്ക് പേജിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ, സിപിഎമ്മിൽ കയറിക്കൂടിയ ക്രിമിനലുകളാണ് ഇതിന് പിന്നിൽ എന്നൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ല. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ ചുവടെ നൽകുന്നു -
“മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്. മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ - എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം”.
ഇടതുപക്ഷത്തിന്റെ ലേബലിൽനിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. അതല്ലാതെ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് സിപിഐഎമ്മിൽ കയറിക്കൂടിയ എസ്ഡിപിഐ-ആർഎസ്എസ് ക്രിമിനലുകളാണെന്ന് പി. ജയരാജൻ പറഞ്ഞിട്ടില്ല.
വാസ്തവം
സിപിഐഎമ്മിൽ കയറിക്കൂടിയ എസ്ഡിപിഐ-ആർഎസ്എസ് ക്രിമിനലുകളാണ് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പി. ജയരാജൻ പറഞ്ഞിട്ടില്ല. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
Content Highlights: A viral poster claims P. Jayarajan blamed CPM-infiltrated criminals for cyber attacks on actor Mammootty., Fact-check reveals this claim is completely fake and unauthorized by P. Jayarajan., P. Jayarajan actually condemned the cyber attacks against Mammootty and youth leaders on his official Facebook page.