അധ്യാപകനെ മർദിക്കുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതോ? | Fact Check

#ഷിബിന വാസുദേവൻ

ക്ലാസ് മുറയിൽവച്ച് വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ എക്സിൽ വൈറലാണ്. കേരളത്തിൽ നടന്ന സംഭവം എന്ന തരത്തിലാണിത് പ്രചരിക്കുന്നത്.

വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം - ‘കേരളം ഒന്നാം സ്ഥാനത്ത് എത്താൻ കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ഇവിടെ പുസ്തവക വിദ്യാഭ്യാസത്തിനേക്കാളും പ്രായോഗിക പരിശീലനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. മുന്നിൽ വരുന്ന ഒരാളെ എങ്ങനെ നേരിടാമെന്ന് ഒരു വിദ്യാർത്ഥി ഒരു അധ്യാപകന് പ്രായോഗിക ക്ലാസ് നൽകുന്ന മനോഹരമായ വീഡിയോ കാണുക - ഇതാണ് കേരള മാതൃക.. വിപ്ലവം മുന്നോട്ട്.’ എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

ഇത്തരത്തിലൊരു സംഭവം നടന്നായി കേരളത്തിലെ വാർത്താ മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് വൈറൽ വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. വൈറൽ വീഡിയോയിൽ കാണുന്ന ആൾക്കാർ ഉൾപ്പെട്ട മറ്റൊരു വീഡിയോ കണ്ടെത്തി. തെലുഗു സ്ക്രൈബ് എന്ന എക്സ് അക്കൗണ്ടിൽ 2026 മാർച്ച് 4-നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എൻ.ടി.ആർ ജില്ലയിലെ ബാപ്പുലപ്പാട് മണ്ഡലത്തിലുള്ള വീരവല്ലി ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളാണിതെന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.

ചെറിയൊരു വിഷയത്തെച്ചൊല്ലി അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംസാരം ഉണ്ടാവുകയും പിന്നീടത് തർക്കമായി മാറുകയും ചെയ്തു. തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിയോട് മോശമായി സംസാരിക്കുകയും ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ മർദിക്കുകയായിരുന്നു. ഈ വീഡിയോയിൽ കേൾക്കുന്ന സംഭാഷണങ്ങൾ തെലുങ്കിലുമാണ്. പോസ്റ്റിൽ പറയുന്ന ബാപ്പുലപ്പാട് മണ്ഡലം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണെന്ന് കണ്ടെത്തി. ഇതിൽനിന്നെല്ലാം സംഭവം നടന്നത് കേരളത്തിലല്ലെന്നു വ്യക്തമാണ്.

തുടർന്ന് നടത്തിയ കീവേർഡ് സർച്ചിൽ ദേശീയ മാധ്യമമായ എൻഡിടിവി ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ക്ലാസിനിടെ അധ്യാപകൻ കടുത്ത ഭാഷയിൽ വിദ്യാർത്ഥിയെ ശാസിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്. അധ്യാപകൻ തന്റെ അമ്മയെ അധിക്ഷേപിച്ചതാണ് പ്രകോപന കാരണമെന്ന് വിദ്യാർത്ഥി അവകാശപ്പെട്ടതായും വാർത്തയിൽ പറയുന്നു.

വാസ്തവം

ഈ സംഭവം നടന്നത് കേരളത്തിലാണെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ളത്.

Content Highlights: Viral video of a student assaulting a teacher is falsely claimed to be from Kerala., Investigation reveals the incident actually occurred in Veeravalli Zilla Parishad High School, Andhra Pradesh in March 2026., Audio in the video is in Telugu, confirming it is not from Kerala., National media outlets like NDTV also reported on this Andhra Pradesh school incident.