മുള്ളൻപന്നിയും പെൺകുട്ടിയും; വൈറൽ വീഡിയോ ബംഗ്ലാദേശിലേതല്ല, ശ്രീലങ്കയിൽ നിന്നുള്ളത് | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

മൃഗങ്ങൾ കൂട്ടുകാരായുള്ള ഡിസ്നി രാജകുമാരിമാരുടെ കഥകൾ മിക്കവാറും എല്ലാവർക്കും അറിയാം. കഥകളിലെ സ്നോവൈറ്റിനും സിൻഡ്രെല്ലയ്ക്കും അറോറയ്ക്കും മൃഗങ്ങളോട് സംസാരിക്കാനും അവരെ അനുസരിപ്പിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് യഥാർത്ഥ ജീവിതത്തിലെ അതുപോലൊരു 'ഡിസ്നി രാജകുമാരി'യുടെ വീഡിയോയാണ്.

പാടവരമ്പത്ത് നടന്നു പോകുന്നൊരു പെൺകുട്ടി, സാധാരണ മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്ന മുള്ളൻപന്നി നിഴലെന്നോണം അവൾക്കൊപ്പം.

വന്യജീവിയെങ്ങനെ ഈ പെൺകുട്ടിയുമായി ഇത്രയധികം ഇണങ്ങി? ഇതൊരു യഥാർത്ഥ വീഡിയോ ആണോ അതോ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് സൃഷ്ടിച്ചതോ? സമൂഹമാധ്യമങ്ങളിൽ വൈറൽ വീഡിയോയെക്കുറിച്ച് സംശയങ്ങൾ പലതുയർന്നു.

സംഭവം യഥാർത്ഥത്തിലുള്ളത് തന്നെയാണ്, ഇത് പകർത്തിയത് അങ്ങ് ബംഗ്ലാദേശിൽനിന്നാണ് എന്നെല്ലാമുള്ള റിപ്പോർട്ടുകളും വന്നു. എന്നാൽ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളതല്ല മറിച്ച് ശ്രീലങ്കയിൽ നിന്നുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

ഈ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന തരത്തിൽ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കണ്ടു. ടെലഗ്രാഫ് പോലെയുള്ള ചില വാർത്താ മാധ്യമങ്ങളും പെൺകുട്ടിയുടെ വൈറൽ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. “ബംഗ്ലാദേശിൽ ഒരു പെൺകുട്ടി മരപ്പട്ടിയെ കൈകളിൽ വഹിച്ചുകൊണ്ട് ഒരു വളർത്തു മുള്ളൻപന്നിയുമായി നടന്നു കൊണ്ടുപോകുന്നു. ഈ അപൂർവ സൗഹൃദം സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധനേടി” എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം. 

എന്നാൽ, വീഡിയോയിൽ കേൾക്കുന്ന സംഭാഷണം പക്ഷെ ബംഗാളി ഭാഷയിലല്ല. വൈറൽ വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയതിൽനിന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണുന്ന ഈ ‘സൗഹൃദ’ വീഡിയോകളെല്ലാം ഈയ്യടുത്ത ദിവസങ്ങളിലായി പോസ്റ്റ് ചെയ്തതതാണെന്ന് മനസ്സിലായി. എന്നാൽ, ഇക്കൂട്ടത്തിൽ കഴിഞ്ഞ ജൂൺ 11-ന് പോസ്റ്റ് ചെയ്ത ഒരു റീൽ കണ്ടു. രണ്ടര ദശലക്ഷത്തിൽ അധികം പേരാണ് ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്.

ഇതിന്‍റെ ക്യാപ്ഷൻ നൽകിയതാകട്ടെ സിംഹള ഭാഷയിലും. ഇത് പരിഭാഷപ്പെടുത്തിയതിൽനിന്നു ‘മുള്ളൻ പന്നി ജ്യേഷ്ഠ സഹോദരിക്കൊപ്പം നെൽപ്പാടത്തേക്ക് പോകുന്നു’ എന്നാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമായി.

ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് ശ്രീലങ്കയിലെ പൊളന്നറുവ സ്വദേശിയായ പ്രഭാസ് സിൽവ എന്നയാളുടെ അക്കൗണ്ടിൽനിന്നാണ്. ഇതേ വീഡിയോ നാല് തവണ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൊന്നാണ് രണ്ടര ദശലക്ഷം പേർ കണ്ട് വൈറലായത്. വീഡിയോയിൽ പെൺകുട്ടിക്കൊപ്പം കാണുന്ന മുള്ളൻപന്നിയുടെ വേറെയും വീഡിയോകൾ ഇയാളുടെ എഫ്ബി അക്കൗണ്ടിലുണ്ട്.

ടുട്ടു എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നതെന്ന് പോസ്റ്റുകൾ പരിശോധിച്ചതിൽനിന്നു മനസ്സിലായി. മാത്രമല്ല, വൈറൽ വീഡിയോയുടെ ആദ്യഭാഗത്ത് പെൺകുട്ടി എടുത്തുകൊണ്ട് നടക്കുന്നത് മരപ്പട്ടിയെ അല്ല മറിച്ച് പൂച്ചയെആണെന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വ്യക്തമാകും. ഇവയ്‌ക്കൊപ്പമുള്ള കുട്ടിയുടെ വേറെയും വീഡിയോകൾ അക്കൗണ്ടിൽ ഉണ്ട്.

പ്രഭാത് സിൽവയുടെ അക്കൗണ്ടലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട്

ഇവരുടെ വീടിന് സമീപത്തുള്ള വയലിൽനിന്നാണ് വൈറൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു മനസ്സിലായി. പൂച്ചയ്ക്കും മുള്ളൻപന്നിക്കുമൊപ്പം വയലിലൂടെ നടക്കുന്ന പെൺകുട്ടിയുടെ വീഡിയോ ബംഗ്ലാദേശിൽ നിന്നല്ല മറിച്ച് ശ്രീലങ്കയിലെ പൊളന്നറുവ എന്ന സ്ഥലത്ത് നിന്നുള്ളതാണ്. പ്രഭാത് സിൽവ എന്ന അക്കൗണ്ടിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. കുട്ടിയുടെ ചിത്രത്തിലൊരാൾ അവളുടെ വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്ന പേരിൽ വൈറലായിട്ടുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച തെളിവുകളിൽനിന്നു പെൺകുട്ടിയുടെ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാം.

പ്രഭാത് സിൽവയുടെ അക്കൗണ്ടലെ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

Content Highlights: Debunked claims that the viral video originated in Bangladesh., Confirmed the footage is from Polonnaruwa, Sri Lanka., Identified the account owner as Prabath Silva., Clarified that the animal in the video is a porcupine named 'Tutu' and a cat, not a civet., Provided evidence from the original social media source.