വൈകീട്ട് 6- 10 മണിവരെ വൈദ്യുതി ഉപയോഗത്തിന് മൂന്നിരട്ടി തുക ഈടാക്കുമെന്ന പ്രചാരണം വ്യാജം | Fact Check

രാത്രിയിലെ വൈദ്യുതി ഉപയോഗത്തിന് കൂടിയ നിരക്കും പകൽസമയത്ത് കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (TOD) താരിഫ് കെഎസ്ഇബി നടപ്പാക്കിത്തുടങ്ങിയിരുന്നു. ടിഒഡിയുമായി ബന്ധപ്പെടുത്തി ഒരു വ്യാജസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ സംവിധാനം നിലവിൽ വന്നെന്നും ഇതുപ്രകാരം, വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർധന ഉണ്ടാകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇതിന്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്‌ട് ചെക്കിന്റെ ടിപ്പ്ലൈനുമായി(+91 85940 06262) ബന്ധപ്പെട്ടു. എന്നാൽ, പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേ സന്ദേശം മുൻപും പ്രചരിച്ചിരുന്നു.
എന്താണ് "ടൈം ഓഫ് ദി ഡേ" എന്നറിയാം.
വൈദ്യുതി ഉപയോഗത്തിന് രാത്രിയും പകലും വ്യത്യസ്തനിരക്ക് ഏർപ്പെടുത്തുന്ന സംവിധാനമാണ് 'ടൈം ഓഫ് ദി ഡേ' (ടിഒഡി). 2023 ജൂൺ 14-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി ഉപഭോക്ത്യ അവകാശ നിയമ ഭേദഗതി പ്രകാരം 10 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്കും 2024 ഏപ്രിൽ ഒന്നിനകം ടൈം ഓഫ് ഡേ താരിഫ് (ToD tariff) പ്രകാരം ബില്ല് ചെയ്യണമെന്നും കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള ബാക്കി ഉപഭോക്താക്കൾക്ക് 2025 മെയ് ഒന്നിനകം TOD താരിഫ് ബാധകമാക്കണമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു.
വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്ത് ഉപഭോക്താക്കളിൽനിന്നു തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത് നിരക്ക് ഇളവ് നൽകുന്ന സംവിധാനമാണ് ടിഒഡി എന്ന് പറയാം. എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കുമാണ് ടിഒഡി നിരക്ക് ബാധകമാകുന്നത്.
ഒരു ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ ചെയ്യുക. T1-ൽ രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെ താരിഫ് നിരക്കിനെക്കാൾ 10% കുറവും. T2-ൽ വൈകീട്ട് 6 മുതൽ രാത്രി 10 വരെ താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്കും നൽകേണ്ടിവരും. T3-ൽ രാത്രി 10 മുതൽ രാവിലെ ആറുവരെയുള്ള സമയത്ത് അതത് താരിഫ് നിരക്ക് തന്നെയായിരിക്കും ഈടാക്കുക. 2025 ജനുവരി ഒന്നുമുതലാണ് ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പടെ 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ടിഒഡി കെഎസ്ഇബി നടപ്പാക്കി തുടങ്ങിയത്.
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന ടിഒഡി നിരക്കുകൾ സംബന്ധിച്ച് പരിശോധിക്കാം.
1. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക് ലഭിക്കും എന്ന വാദം ശരിയല്ല. ഈപ്പറഞ്ഞ പന്ത്രണ്ട് മണിക്കൂർ T1-ൽ ആണ് ഉൾപ്പെടുന്നത്. താരിഫ് നിരക്കിനെക്കാൾ 10% കുറവാണ് ഈ സമയത്തെ വൈദ്യുത ഉപഭോഗത്തിന് ലഭിക്കുക.
2. വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധന് എന്നാണ് സന്ദേശത്തിലെ പ്രധാന വാദം. ഇത് വാസ്‌തവവിരുദ്ധമാണ്. വൈകീട്ട് 6 മണി മുതൽ രാത്രി 10 വരെയുള്ള 4 മണിക്കൂർ പീക്ക് സമയത്ത് താരിഫ് നിരക്കിനെക്കാൾ 25% കൂടുതലായാണ് ഈടാക്കുക.
3. രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക് എന്നത് ശരിയാണ്.
വിശദമായ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ ജൂൺ 24-ന് കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് ലഭിച്ചു. ഇത് ചുവടെ കാണാം.