പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയഗാനത്തോട് അനാദരവ് കാണിച്ചോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി ദേശീയഗാനത്തോട് അനാദരവ് കാണിച്ചു എന്ന ആരോപണത്തോടെയാണിത്. ദേശീയഗാനം ആലപിക്കുന്നതിനിടെ മോദി സ്റ്റേജിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും വേദിയിലുള്ള മറ്റുള്ളവരെ ഹസ്തദാനം ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ.

വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് – “ദേശീയഗാനം ആദരവ് അർഹിക്കുന്നു, നിങ്ങൾ ആരായാലും ഏത് പാർട്ടിയിൽപ്പെട്ടയാളായാലും. ദേശീയ ഗാനം ആലപിക്കുമ്പോൾ പ്രധാനമന്ത്രി ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കാത്തത് കണ്ടാൽ, ആ പെരുമാറ്റത്തെ ചോദ്യം ചെയ്യേണ്ടത് ന്യായമാണ്. ദേശസ്‌നേഹം സെലക്ടീവോ, രാഷ്ട്രീയ വിശ്വസ്തതയെ ആശ്രയിക്കുന്നതോ ആയിരിക്കരുത്. രാജ്യമാണ് ഏറ്റവും പ്രധാനം” എന്നാണ്.

 
 

വെറും 12 സെക്കൻറ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പരിശോധിച്ചാൽ മോദി വേദിയിലേക്ക് വരുന്നതും മറ്റുള്ളവർ അദ്ദേഹത്തെ കൂപ്പുകൈകളോടെ സ്വീകരിക്കുന്നതായും കാണാം. പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് പ്രധാനമന്ത്രി എത്തിയപ്പോഴുള്ള ദൃശ്യങ്ങളാകാം ഇതെന്ന് സാഹചര്യ തെളിവുകളിൽനിന്നു നിഗമനത്തിലെത്താം. വേദിയിൽ മോദി ഹസ്തദാനം ചെയ്യുന്നത് ജനതാദൾ നേതാവ് നിതീഷ് കുമാറിനെയാണ്, ആ ഫ്രേമിൽ സ്റ്റേജിന് മുൻവശത്തായി സ്ഥാപിച്ച സ്ക്രീനിൽ പരിപാടിയുടെ വിവരങ്ങളുണ്ട്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡേറ്റാകട്ടെ 2025 ജൂൺ 20 എന്നും. വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് സ്ക്രീനിലെ വിവരങ്ങളിൽനിന്നു വ്യക്തമായി. സൂചനകൾ അടിസ്ഥാനമാക്കി കീവേർഡ് സർച്ച് ചെയ്തതിൽനിന്നു യഥാർത്ഥ വീഡിയോ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന സ്ക്രീനിൽ പരിപാടിയുടെ വിവരങ്ങൾ നൽകിയിരിക്കുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2025 ജൂൺ 21-ന് യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ ബീഹാറിലെ സിവാനിലെ ജനങ്ങൾ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ചു’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. പ്രചരിക്കുന്ന അതേ വീഡിയോ തന്നെയാണിത്, പക്ഷെ ഇതിന്‍റെ പശ്ചാത്തലത്തിൽ ദേശീയഗാനം കേൾക്കുന്നില്ല, മറിച്ച് ജനങ്ങളുടെ കയ്യടികളും ആരവവുമാണുള്ളത്. വൈറൽ വീഡിയോയിലെ ദേശീയഗാനം എഡിറ്റ് ചെയ്ത് ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Content Highlights: A viral video claims PM Narendra Modi disrespected the national anthem by walking on stage., Investigation reveals the video was edited by adding the national anthem audio over original footage., The original video is from an event in Siwan, Bihar, held on June 20, 2025., PM Modi's official YouTube channel shows the actual video features crowd applause, not the national anthem.