ഗുരുവായൂർ ദേവസ്വം ബോർഡിൽ ലീഗിന് പ്രതിനിധികൾ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

'ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും' എന്ന് മുസ്ലീം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിലെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

വസ്തുത പരിശോധനയ്ക്കായി വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട്

അന്വേഷണം

ക്ഷേത്രവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇത്തരത്തിലൊരു പ്രസ്താവന നടത്താൻ സാധ്യതയില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി കൂടിയായ ഇദ്ദേഹം എന്തെങ്കിലും പരാമർശം നടത്തിയിരുന്നെങ്കിൽ അത് ഉറപ്പായും വാർത്തയായേനെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ വാർത്തകളെല്ലാം പരിശോധിച്ചു. ഇത്തരത്തിൽ ഒരു പരാമർശവും അദ്ദേഹം നടത്തിയതായി കണ്ടെത്താനായില്ല.

ഒരു ക്ഷേത്രത്തിന്റെ മുൻപിൽ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുന്ന തരത്തിലാണ് പോസ്റ്റിലെ ചിത്രം. ഈ ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ഇതേ ചിത്രം 2026 മാർച്ച് 27-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

 "സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ മങ്കടയിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അത് ഗുണം ചെയ്യില്ല. മഞ്ഞളാംകുഴി അലി മണ്ഡലത്തിൽ വൻവിജയം നേടും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരളത്തിൽ കോൺഗ്രസിനെ ശക്തമായി എതിർക്കുമ്പോൾ, സംസ്ഥാനത്തിന് പുറത്ത് സീറ്റുകൾ നേടുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആശ്രയിച്ചിരിക്കുന്നു. കോൺഗ്രസും അതിന്റെ നേതാക്കളും നൽകുന്ന സേവനങ്ങൾ വളരെ വലുതാണ്..." എന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്ന വിവരണത്തോടെയാണ് വാർത്ത നൽകിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി പി.കെ. കുഞ്ഞിലിക്കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും ഇത്തരത്തിലൊരു പരാമർശം അദ്ദേഹം നടത്തിയിട്ടെല്ലെന്നും തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.

1978-ലെ ഗുരുവായൂർ ദേവസ്വം നിയമം (Guruvayur Devaswom Act) അനുസരിച്ച്, ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർക്കും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും മാത്രമേ ദേവസ്വം ബോർഡിൽ അംഗമാകാൻ സാധിക്കൂ. അതിനാൽ അന്യമതസ്ഥർക്ക് ബോർഡിൽ അംഗമാകാൻ നിയമപരമായി കഴിയില്ല .

വാസ്തവം

മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്. തെറ്റായ പ്രചാരണത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlights: Investigation confirms the social media claim is completely false., PK Kunhalikutty's office has filed a formal complaint with the Cyber Cell., Legal analysis of the 1978 Guruvayur Devaswom Act confirms non-Hindus cannot be board members., The viral image was found to be recycled from an unrelated 2026 news report.