ലൈഫ് മിഷൻ വീടുകളിൽ ലോഗോ പതിക്കണമെന്ന് MB രാജേഷ് ഉത്തരവിറക്കിയിരുന്നെന്ന പ്രചാരണം വ്യാജം | Fact Check

സംസ്ഥാനത്ത് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടുകളിൽ പിഎംഎവൈ ലോഗോ പ്രദർശിപ്പിക്കണമെന്ന കേന്ദ്രത്തിന്‍റെ നിർബന്ധവും അതിനെതിരായി കഴിഞ്ഞ പിണറായി സർക്കാറിന്‍റെ നിലപാടും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പുതിയ യുഡിഎഫ് സർക്കാറിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, വീടുകളിൽ ലോഗോ വയ്ക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതിനെ പ്രതിപക്ഷം കടന്നാക്രമിക്കുകയും ഷാജി കേന്ദ്രത്തിനെതിരെ ഒന്നും പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ വിമർശിക്കുകയും ചെയ്തിരുന്നു.
തർക്കം മുറുകുന്നതിനിടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻമന്ത്രി എം.ബി രാജേഷിനെതിരെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. “ PMAY പദ്ധതിപ്രകാരം നിർമിക്കുന്ന വീടുകൾക്ക് ലോഗോ പതിക്കണമെന്ന മുൻ മന്ത്രി എം.ബി രാജേഷിന്‍റെ ഉത്തരവ് പുറത്ത്” എന്ന വാദത്തോടെയാണിത്. എന്നാൽ ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
എല്ലാവർക്കും വീട് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന (PMAY). കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷനുമായി സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നത്. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടായിരുന്നു കഴിഞ്ഞ പിണറായി വിജയൻ സർക്കാറിന്.
പ്രചരിക്കുന്ന പോസ്റ്ററിൽ ആരോപിക്കുന്നതുപോലെ അതിൽ നൽകിയിരിക്കുന്നത് എം.ബി രാജേഷ് മന്ത്രിയായിരിക്കെ ഇറക്കിയ ഉത്തരവല്ല. മറിച്ച്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ 2023 നവംബർ 4-ന് എല്ലാ നഗരസഭാ സെക്രട്ടിറിമാർക്കും അയച്ച കത്താണ് (കേരളത്തിൽ പ്രധാൻ മന്ത്രി ആവാസ് യോജന (അർബൻ) - ലൈഫ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീയാണ്). കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നതിന് PMAY പ്രകാരം നിർമ്മിച്ച വീടുകളിൽ നിർബന്ധമായും ലോഗോയും വിവരങ്ങളും അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും കത്തയച്ചത്.
ഇതിന് ശേഷം നവംബർ മാസത്തിൽ തന്നെ എം.ബി രാജേഷ്, PMAY ഉൾപ്പെടെയുള്ള ഭവന പദ്ധതികൾക്ക് കീഴിൽ നിർമ്മിക്കുന്ന വീടുകളിൽ ലോഗോ പതിപ്പിച്ച് 'ബ്രാൻഡിംഗ്' ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. “ വീടുകളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമെന്നും, വീട് എന്നത് ആരും നൽകുന്ന ഔദാര്യമല്ല മറിച്ച് പൗരന്റെ അവകാശമാണ്” എന്നുമായിരുന്നു എം.ബി. രാജേഷ് കത്തിൽ വ്യക്തമാക്കിയത്. ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ വീട് വെച്ചതാണെന്ന അഭിമാനം ഉണ്ടാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന വീടുകളിൽ കേരളം ഇത്തരം ബ്രാൻഡിംഗ് ബോർഡുകൾ വെക്കാൻ നിർബന്ധിക്കാത്തതെന്നും, കേന്ദ്ര നിർദ്ദേശം നടപ്പിലാക്കുന്നത് പാവപ്പെട്ടവരോടുള്ള വിവേചനമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ചുവടെ ചേർക്കുന്നു.
എം.ബി. രാജേഷിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് ഈ വിഷയത്തിൽ ഇടപെടുകയും കേന്ദ്ര നിലപാടിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല PMAY അർബൻ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളിൽ ലോഗോ പതിക്കണമെന്ന ആവശ്യം പിൻവലിക്കണമെന്ന് എം.ബി രാജേഷ് കേന്ദ്ര ഭവന- നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി 2025 മാർച്ച് 12-ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലും ആവശ്യപ്പെട്ടിരുന്നു. ലോഗോ പതിക്കുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ഹനിക്കും എന്ന കേരള സർക്കാരിന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വസ്തുതാ പരിശോധനയിൽ വ്യക്തമാണ്. 2023 നവംബർ 4-ന് കുടുംബശ്രീ ഡയറക്ടർ അയച്ച കത്താണ് അന്ന് മന്ത്രിയായിരുന്ന എം.ബി രാജേഷ് പുറപ്പെടുവിച്ച ഉത്തരവ് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല അതേ വർഷം നവംബർ 20-ന് രാജേഷ് ലൈഫ് മഷൻ വീടുകളിൽ ലോഗോ പതിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചിരുന്നു. പിന്നീട് 2025-ൽ നേരിട്ടും അദ്ദേഹം ഈ നിലപാട് കേന്ദ്രമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: The viral claim that M.B. Rajesh ordered PMAY logo placement is false., The circulated document was a 2023 letter from the Kudumbashree Executive Director, not a ministerial order., M.B. Rajesh officially opposed the branding of homes, citing the dignity of beneficiaries., The state government reiterated its stance against mandatory branding to the Union Minister in March 2025.