കൊല്ലത്തുനിന്ന് രക്ഷാപ്രവർത്തനത്തിനായി പുറപ്പെടുന്ന മത്സ്യതൊഴിലാളികളുടെ ദൃശ്യമോ ഇത്? | Fact Check

#ഷിബിന വാസുദേവൻ

തുടർച്ചയായ മൂന്നാം ദിവസവും പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും വലിയ തോതിലുള്ള നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2018-ലെ മഹാപ്രളയത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളമെടുത്തതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണവും കൂടി. മുൻകാലങ്ങളിലേത് പോലെ കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ്, കൊല്ലത്തുനിന്ന് രക്ഷപ്രവർത്തനത്തിനായി പുറപ്പെടുന്ന ബോട്ടുകളുടെ ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ, പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്നതാണ് വാസ്തവം.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

അന്വേഷണം

ഒരു കൂട്ടം മത്സ്യബന്ധന ബോട്ടുകൾ രാത്രിയിൽ ലൈറ്റുകൾ തെളിയിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിൽ. ഇതിനു മുകളിൽ "EVERYONE IS A HERO" എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. ‘കൊല്ലം ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ പുറപ്പെട്ടതിനെക്കുറിച്ചും, കേരളത്തിന് സ്വന്തമായി ഒരു 'സൈന്യം' (മത്സ്യത്തൊഴിലാളികൾ) ഉണ്ടെന്നും ഏതൊരു ദുരന്തം വന്നാലും മലയാളികൾ അതിനെ നേരിടുമെന്നും’ എന്നുമാണ് വീഡിയോക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്ന കമൻ്റുകൾ.

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതിന്‍റെ തന്നെ മറ്റൊരു ആംഗിളിൽ നിന്നെടുത്ത വീഡിയോ ലഭ്യമായി. “പാതിരാത്രിയിൽ ഈ പെരുമഴയത്തും ഇത്രയും ആളുകൾ തടിച്ചുകൂടിയെങ്കിൽ അതിനൊരു കാരണമുണ്ട്! അതെ, നമ്മുടെ രാജാക്കന്മാർ വീണ്ടും പടക്കിറങ്ങുകയാണ്” എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 1-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിച്ചതിന് ശേഷം കൊല്ലത്തുനിന്ന് മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകുന്ന ദൃശ്യങ്ങളാണിതെന്നു വ്യക്തമായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

വെള്ളപ്പൊക്കക്കെടുതി നേരിടുന്ന പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങൾക്കായി തിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ദൃശ്യങ്ങൾ താഴെ കാണാം.

വൈറൽ ദൃശ്യങ്ങൾ പത്തനംതിട്ടയിലേക്ക് രക്ഷാപ്രവർത്തനത്തിനായി പോകുന്ന മത്സ്യതൊഴിലാളികളുടെ വീഡിയോയല്ല എന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്നത്, രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ട മത്സതൊഴിലാളികളുടെ ദൃശ്യങ്ങളല്ല. മറിച്ച്, ട്രോളിംഗ് നിരോധനം അവസാനിച്ചതിന് ശേഷം കടലിലേക്ക് പോകുന്ന മത്സ്യബന്ധന ബോട്ടുകളുടേതാണ്.

Content Highlights: Viral video misrepresents fishing boats as flood rescue operations., The footage shows boats heading to sea after the trolling ban ended., Real rescue efforts involve specific coordination, not general fishing activity., Users are advised to verify sources before sharing emotional content.