ഗാന്ധി പ്രതിമ ആക്രമിക്കുന്ന ദൃശ്യം തിരുവനന്തപുരത്തുനിന്ന് ഉള്ളതല്ല | Fact Check

#ഫാക്ട് ചെക്ക് ഡെസ്‌ക്ക്

ബിജെപി നഗരസഭാ ഭരണം പിടിച്ചെടുത്ത ശേഷം തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം നടന്നുവെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരാൾ ഗാന്ധിപ്രതിമയ്ക്ക് മുകളിൽ കയറി കരണത്ത് അടിക്കുകയും അസഭ്യം പറയുന്നതുമാണ് ദൃശ്യങ്ങളിൽ. വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം - 'തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കോൺഗ്രസ് ബിജെപിയെ ഏൽപ്പിച്ചു ബിജെപിയുടെ തനിസ്വഭാവം സംഘികൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഇനി എന്തെല്ലാം കാണാനിരിക്കുന്നു തിരുവനന്തപുരത്തുകാർ'

https://www.facebook.com/reel/1929930394401887

എന്നാൽ, ഈ പ്രചരണത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് എന്നതാണ് യാഥാർത്ഥ്യം.

അന്വേഷണം

ഈ സംഭവുമായി ബന്ധപ്പെട്ട് മാതൃഭൂമി വാർത്ത നൽകിയിരുന്നു. പുനലൂരിൽ ഗാന്ധിപ്രതിമയെ അവഹേളിച്ചു; യുവാവ് അറസ്റ്റിൽ, പിടിയിലായത് ഒട്ടേറെ കേസുകളിലെ പ്രതി എന്ന തലക്കെട്ടോടെ ഡിസംബർ 30-നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവം നടന്നത് കൊല്ലത്ത് നിന്നാണെനന്ന് ഇതിൽനിന്ന് വ്യക്തമാണ്.

2025 ഡിസംബർ 29 ഉച്ചയോടെ കൊല്ലം പുനലൂരിലായിരുന്നു സംഭവം. പ്രതിമ സ്ഥാപിച്ചിരുന്ന കൽകെട്ടിനുമുകളിൽ കയറിയ യുവാവ് പ്രതിമയുടെ ചെകിട്ടത്ത് അടിക്കുകയും അസഭ്യംവിളിക്കുകയും ചെയ്തു. സംഭവം നടന്നത് കൊല്ലത്താണെന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. 24 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ 19-ാം സെക്കന്റിൽ കൊല്ലം പുനലൂർ തൂക്കുപാലത്തിന്റെ ദൃശ്യം കാണാൻ സാധിക്കും. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തുനിന്ന് ഉള്ളതല്ലെന്ന് വ്യക്തമായി.

https://www.instagram.com/p/DS4XCcyk1HF/

യുവാവ് നടത്തിയ അതിക്രമം കണ്ടുനിന്നവർ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ പൂനലൂർ ചെമ്മന്തൂർ സ്വദേശി ഹരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. തൂക്കുപാലത്തിന്റെ ചങ്ങല ഘടിപ്പിച്ചിട്ടുള്ള കിണറ്റിലിറങ്ങി പരിഭ്രാന്ത്രി പടർത്തിയതിന് ഇയാളെ ഒരു വർഷം മുൻപ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പിങ്ക് പോലീസ് കാറിന്റെ ചില്ല് തകർത്തതിനും ചെമ്മന്തൂരിൽ നവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ പോലീസ് പിടയിലായിട്ടുണ്ട്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. വീഡിയോ തിരുവനന്തപുരത്തുനിന്ന് ഉള്ളതല്ല. മറിച്ച് കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നുള്ളതാണ്. മദ്യലഹരിയിലായിരുന്ന ഹരിലാൽ എന്നയാൾ ഗാന്ധി പ്രതിമയിൽ കയറി നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: Fact check: A viral video of a Gandhi statue being attacked is not from Thiruvananthapuram. Discover the real location and details of the incident here.