ദുബായിൽ മുസ്ലീങ്ങൾ ദീപാവലി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളോ ഇത്? | Fact Check

ദുബായിൽ ഇസ്ലാംമത വിശ്വാസികൾ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതിന് ഡൽഹി സർക്കാർ നിയന്ത്രണങ്ങളും സമയപരിധിയും ഏർപ്പെടുത്തിയതിനെയും ഇന്ത്യയിലെ മുസ്ലീങ്ങളെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പോടെയുമാണ് ഇത് പങ്കുവെക്കപ്പെടുന്നത്. എന്നാൽ, പ്രചരിക്കുന്ന വീഡിയോ ദീപാവലി ആഘോഷത്തിൻറേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
ഒട്ടേറെപ്പേർ റോഡരികിൽ വാഹനങ്ങൾ നിർത്തി ആകാശത്തെ വെടിക്കെട്ട് വിസ്മയം നോക്കിനിൽക്കുന്നതാണ് വൈറൽ ദൃശ്യങ്ങളിൽ. ഇതിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2023 ഡിസംബർ 3-ന് അപ്ലോഡ് ചെയ്ത ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള അതേ ദൃശ്യങ്ങളാണ് ഇതിൽ. ‘യു.എ.ഇ 52ാമത് ദേശീയദിന ആഘോഷങ്ങൾ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തെരുവിലെ ദീപാലങ്കാരങ്ങളിൽ യുഎഇ ദേശീയ ചിഹ്നമായ ഖുറൈഷ് സ്വർണപ്പരുന്തിന്റെ രൂപങ്ങളും ‘52’ എന്ന അക്കവും കാണാം. 2023-ൽ യുഎഇയുടെ 52-ാമത് ദേശീയദിനമായിരുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ അബുദാബിയിൽ വലിയരീതിയിലുള്ള ആഘോഷങ്ങളായിരുന്ന നടന്നത്. ഇതിന്റെ ഒട്ടേറെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്.
1971 ഡിസംബർ 2-നാണ് അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ ഏഴ് എമിറേറ്റുകൾ ഒന്നിച്ച് ചേർന്ന് ‘യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ (യു.എ.ഇ) എന്ന സ്വതന്ത്ര ഫെഡറേഷൻ രൂപീകരിച്ചത്. ഈ ചരിത്രപരമായ ഐക്യത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് എല്ലാ വർഷവും ഡിസംബർ 2-ന് ദേശീയ ദിനമായി ('ഈദ് അൽ ഇതിഹാദ്' അല്ലെങ്കിൽ യൂണിയൻ ദിനം) വിപുലമായ പരിപാടികളോടെ ആഘോഷിച്ചുവരുന്നു.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ ദുബായിൽ മുസ്ലീങ്ങൾ ദീപാവലി ആഘോഷിക്കുന്നതിൻറേതല്ല. മറിച്ച് യു.എ.ഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിൻറേതാണ്.
Content Highlights: A viral video claimed Muslims in Dubai were celebrating Diwali with fireworks., Reverse image search revealed the video is from December 3, 2023., The footage actually shows UAE's 52nd National Day celebrations in Abu Dhabi., The claim linking the video to Diwali is completely false.