ടി20 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്ര വിജയം; കാബൂളിൽ വൻആഘോഷമോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാർച്ച് 8-ന് നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ലോകകിരീടം സ്വന്തമാക്കിയിരുന്നു. വിജയാഘോഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് സമൂഹമാധ്യമങ്ങളും. ഇതിനിടെ, ഇന്ത്യയുടെ നേട്ടം അഫ്ഗാനിസ്ഥാനിലും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടുവെന്ന വാദത്തോടെ ഒരു വീഡിയോ പ്രചരിക്കാൻ തുടങ്ങി.

ഇന്ത്യടെ ചരിത്രനേട്ടത്തെ തുടർന്ന് കാബൂളിൽ വലിയ ആഘോഷം എന്നാണ് വൈറൽ വീഡിയോക്കൊപ്പമുള്ള വിവരണം. എന്നാൽ, ഈ പ്രചരണം തെറ്റാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

https://www.instagram.com/reels/DVpdj0qEbKd/ 
അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയ്മുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു പ്രചരിക്കുന്നതിനേക്കാൾ ദൈർഘ്യമേറിയൊരു വീഡിയോ ലഭിച്ചു. അരിയാന കാർഗോ എന്ന ഫേസ്ബുക്ക് പേജിൽ 2025 ഒക്ടോബർ 15-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അഫ്ഗാനിസ്ഥാനിലെ ഖോസ്ത്‌ പ്രവിശ്യയിലുള്ള സർക്കർദാൻ ചൗക്കിൽനിന്നുള്ള ദൃശ്യങ്ങൾ’ എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ. ഇതേ ദൃശ്യങ്ങൾ 2025 സെപ്റ്റംബർ 3-ന് മറ്റൊരു ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. “ക്രിക്കറ്റിന്റെ സന്തോഷത്തിൽ ഖോസ്ത്‌ സർക്കാർദാൻ ചൗക്ക്" എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണിതെന്നു വ്യക്തമായി. ഇതിൽനിന്നും ഈ ദൃശ്യങ്ങൾ ഇന്ത്യയുടെ ടി20 വേൾഡ് കപ്പ് 2026 വിജയവുമായി ബന്ധപ്പെട്ടതല്ല എന്ന് സ്ഥിരീകരിക്കാം. സാധാരണയായി ഖോസ്ത്‌ സിറ്റിയിൽ ഇത്തരത്തിലുള്ള ആഘോഷപ്രകടനങ്ങൾ പതിവാണ്.

പ്രചരിക്കുന്ന വീഡിയോക്ക് സമാനമായി, ഖോസ്തിൽ ക്രിക്കറ്റ് മാച്ച് വിജയങ്ങളെത്തുടർന്ന് പലപ്പോഴും ആഘോഷങ്ങൾ നടക്കാറുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ നെറ്റിൽ ലഭ്യമാണ്. എന്നാൽ, 2025-ലെ ഈ വീഡിയോയിൽ കാണുന്ന ആഘോഷം ഏത് മത്സര വിജയത്തെ തുടർന്നായിരുന്നുവെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ല. എന്നിരുന്നാലും ഇപ്പോഴത്തെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ ഈ വീഡിയോ ഇൻ്റർനെറ്റിൽ ഉണ്ട്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്‌ പ്രവിശ്യയിലുള്ള സർക്കർദാൻ ചൗക്കിൽ 2025-ൽ നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ടി20 ലോകകപ്പ് കിരീടനേട്ടവുമായി ബന്ധപ്പെടുത്തി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

Content Highlights: Viral video claims Kabul celebrated India's T20 World Cup win., Fact check confirms the footage is from 2025 in Khost, Afghanistan., The video predates the current T20 World Cup victory., Misleading social media content identified and debunked.