ഡൽഹി ISI ചാരശൃംഖല കേസ്; പ്രതികളെല്ലാം മുസ്ലീങ്ങളെന്ന പ്രചാരണം വ്യാജം | Fact Check

ഇക്കഴിഞ്ഞ ജൂൺ 16-നായിരുന്നു ഡൽഹി പോലീസ് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഭീകര-ഗുണ്ടാ സംഘത്തെ പിടികൂടിയത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്‌സാദ് ഭട്ടി, കൂട്ടാളി അജ്മൽ ഗുജ്ജാർ എന്നിവരുമായി ഇവർക്ക് ബന്ധമുണ്ടെന്നും രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വലിയ ആക്രമണങ്ങൾക്ക് സംഘം പദ്ധതിയിട്ടിരുന്നതായുമാണ് പുറത്തുവന്ന വിവരം.
പിടിയിലായ ഭീകര സംഘംഗങ്ങളെല്ലാം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവരാണ് എന്ന വാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരോപണവിധേയരുടെ പേര് വിവരങ്ങൾ ഉൾപ്പടെയാണിത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
അനസ്, മുഹമ്മദ്, ഡാനിഷ്, ആരിഫ്, സാബിർ, ഖാലിദ്, ജുനൈദ് എന്നിങ്ങനെ ഏഴ് കുറ്റാരോപിതരുടെ പേരുകളും ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി ഇത് സംബന്ധിച്ച് നൽകിയ വാർത്തയും പോസ്റ്റിൽ നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ മുഖം മറച്ച ഏഴുപേരുടെ ചിത്രങ്ങളും കാണാം. എൻഡിടിവി നൽകിയ ഇതേ റിപ്പോർട്ട് പരിശോധിച്ചാൽ തന്നെ പ്രചാരണം തെറ്റാണെന്ന് വ്യക്തമാകും. കാരണം, സന്ദേശത്തിൽ പറയുന്നതുപോലെ പിടിയിലായവരെല്ലാം ഇസ്ലാം മതവിശ്വാസികളല്ല. റിപ്പോർട്ട് പ്രകാരം, ഗാസിയാബാദിലെ ലോണി സ്വദേശികളായ അനസ് എന്ന അനസ് ത്യാഗി. മോഹിത് എന്ന യോഗി, ആരിഫ് എന്ന പ്രധാൻ, ടെക്നോ സിറ്റിയിൽ താമസിക്കുന്ന ദീപക് അഗ്രോള, ജതൻ പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് സ്വദേശിയായ കരൺവീർ സിങ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരുകളിൽനിന്ന് വ്യക്തമാണ് ഇവരെല്ലാം മുസ്ലീം വിഭാഗത്തിൽപ്പെടുന്നവരല്ല എന്ന്. ഇത് നടന്ന് മൂന്നാം ദിനം ഭീകര-ഗുണ്ടാ സംഘത്തിൽപ്പെട്ടവരുടെ രണ്ടാംഘട്ട അറസ്റ്റ് നടന്നിരുന്നു. സൊഹൈൽ, സോനു മീണ, സച്ചിൻ കുമാർ മീണ, എം.ഡി കൈഫ് , എം.ഡി റിഹാൻ എന്നിവരാണ് പിടിയിലായത്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുക, പാകിസ്ഥാൻ അനുകൂല പോസ്റ്ററുകൾ സ്ഥാപിക്കുക, ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ ഹിന്ദുസ്ഥാനെ (ടിടിഎച്ച്) പ്രോത്സാഹിപ്പിക്കുന്ന ഗ്രാഫിറ്റികൾ സൃഷ്ടിക്കുക എന്നിവയായിരുന്നു പിടിയിലായ സംഘത്തിന്‍റെ ചുമതല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമൃത്സറിലെ മജിതയിൽ ഒരു അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും സംഘത്തിനായിരുന്നു എന്നും വാർത്തകളിലുണ്ട്. ആജ്തക്, ദി ഹിന്ദു, ദി പ്രിൻറ് തുടങ്ങിയ മാധ്യമങ്ങളിലെല്ലാം പിടിയിലായവരുടെ പേരുവിവരങ്ങൾ നൽകിയിട്ടുണ്ട്.
ഡൽഹി സ്പെഷൽ സെൽ ഈസ്റ്റേൺ റേഞ്ച് ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെട്ടു. ഗ്യാങ്ബസ്റ്റ് ഓപ്പറേഷൻ 2.0യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഐഎസ്ഐ മോഡ്യൂൾ പിടിയിലായത്. മുസ്ലീം മതസ്ഥർ മാത്രമല്ല ഇതര മതവിവഭാഗങ്ങളിൽപ്പെട്ടവരും പിടിയിലായിട്ടുണ്ട് എന്ന് അവർ പറഞ്ഞു. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Debunking the false claim that only Muslims were arrested in the June 2026 Delhi ISI module case., Official police reports confirm a multi-community involvement, including individuals like Mohit, Deepak, and Karanveer Singh., The group was linked to ISI-backed activities, including targeting police officers and promoting Tehreek-e-Taliban Hindustan., Evidence provided by NDTV and other major news outlets contradicts the viral social media narrative.