യൂസുഫ് പഠാൻ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നോ?

#ഫാക്ട് ചെക്ക് ഡെസ്ക്ക്

തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാൻ ബിജെപിയിൽ ചേർന്നു എന്ന അവകാശവാദത്തോടെ ഒരു ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴുത്തിൽ കാവി നിറത്തിലുള്ള സ്കാഫ് ധരിച്ച യൂസുഫ് ബിജെപി മുൻ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പൂച്ചെണ്ട് വാങ്ങുന്നതായാണ് ചിത്രത്തിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു ഇതെന്നാണ് ചിത്രത്തിന്‍റെ താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തൃണമൂൽ കോൺഗ്രസിൽ കുറച്ച് നാളുകളായി ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരുന്നു. മമത ബാനർജിയുടെ വിശ്വസ്തയായിരുന്ന കകോലി ഘോഷ് ദസ്തിദാർ എംപിയാണ് മമത ബാനർജിക്കും അഭിഷേക് ബാനർജിക്കുമെതിരായി വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിന്ന 20 പാർലമെന്റ് അംഗങ്ങളുടെ പട്ടികയിൽ യൂസുഫ് പഠാനും ഉൾപ്പെട്ടിരുന്നു. 28 തൃണമൂൽ എംപിമാരിൽ ഇരുപതോളം പേർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ( NCPI) ലയിക്കുകയാണെന്നും അംഗീകരിക്കണമെന്നും കാട്ടി ലോക്‌സഭാ സ്പീക്കർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

2024-ൽ ബഹറാംപൂരിൽ നിന്നും തൃണമൂൽ ടിക്കറ്റിൽ എം.പിയായ യൂസുഫ് പഠാൻ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഇക്കഴിഞ്ഞ ജൂൺ ആദ്യവാരം മുതൽ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത വിമത എംപിമാരിൽ യൂസുഫ് പഠാനും ഉണ്ടെന്നും, അമിത് ഷാ ഫോണിൽ വിളിച്ചതുകൊണ്ടാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയതെന്നും തൃണമൂൽ നേതാവ് കല്യാൺ ബാനർജി നേരത്തെ ആരോപിക്കുകയുണ്ടായി. എന്നാൽ പഠാൻ ബിജെപിയിൽ ചേർന്നതായുള്ള പ്രഖ്യാപനങ്ങളൊന്നം ഇതുവരെ ഉണ്ടായിട്ടില്ല.

തുടർന്ന് പ്രചരിക്കുന്ന ചിത്രം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചതാണോ എന്ന് പരിശോധിച്ചു. എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ചിത്രം യഥാർത്ഥമല്ല എന്ന ഫലമാണ് ലഭിച്ചത്.

Content Highlights: Viral image of Yusuf Pathan with BJP scarf is AI-generated., No official announcement regarding Yusuf Pathan leaving TMC., Internal TMC crisis rumors involving MPs are currently unverified., Fact check confirms the photo is a digital manipulation.