ബിജെപിയെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുമെന്ന് ധർമ്മേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തിയോ? | Fact Check

പരീക്ഷാ ക്രമക്കേട് വിഷയം ഉയർത്തി നടന്ന പ്രതിഷേധങ്ങളെ തുടർന്നായിരുന്നു ധർമ്മേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. വിദ്യാർത്ഥികളുടെ താല്പര്യം മുൻനിർത്തിയും പ്രതിഷേധങ്ങൾ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുമാണ് താന്‍റെ രാജിയെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ശേഷം ധർമ്മേന്ദ്ര പ്രധാൻ ബിജെപിക്കെതിരെ തിരിഞ്ഞുവെന്നും പാർട്ടിയുടെ സത്യാവസ്ഥ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്ന് വാർത്താ ചാനലിലൂടെ ഭീഷണിപ്പെടുത്തി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.
ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി സംപ്രേഷണം ചെയ്ത വാർത്തയിൽ നിന്നുള്ള ഭാഗം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. അവതാരികയുടെ സംഭാഷണവും ധർമ്മേന്ദ്ര പ്രധാൻ പറയുന്ന കാര്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. മാത്രമല്ല, എൻഡിടിവി എന്നെഴുതിയ ലോഗോയ്ക്ക് താഴെയായി ചെറിയ അക്ഷരത്തിൽ ഫേക്ക് ന്യൂസ് എന്ന് എഴുതിയതായും കാണാം.
എൻഡിടിവി സംപ്രേഷണം ചെയ്ത യഥാർത്ഥ വീഡിയോ കണ്ടെത്തുന്നതിനായി വൈറൽ വീഡിയോയിൽനിന്നു കീ ഫ്രേമെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. അന്വേഷണത്തിൽ യഥാർത്ഥ വീഡിയോ കണ്ടെത്തി, ഇക്കഴിഞ്ഞ ജൂലൈ 26-ന് “ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു സിജെപി സമരം അവസാനിപ്പിച്ചു” എന്ന തലക്കെട്ടോടെയാണ് എൻഡിടിവിയുടെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നതുപോലെ പ്രധാന്‍റെ പ്രതികരണമൊന്നും ഈ വീഡിയോയിൽ ഇല്ല.
അടുത്തതായി ധർമ്മേന്ദ്ര പ്രധാന്‍റെ ദൃശ്യങ്ങളെക്കുറിച്ചാണ് പരിശോധിച്ചത്. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ 2026 മെയ് 15-ന് അപ്ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, പുന പരീക്ഷാ എന്നീ വിഷയങ്ങളിൽ പ്രധാൻ നടത്തിയ വാർത്താ സമ്മേളനമായിരുന്നു അത്. ഇതിൽ ബിജെപിക്കെതിരായ പരാമർശങ്ങൾ ഒന്നും തന്നെ ഇല്ല. തുടർന്ന് വീഡിയോ എഐ നിർമ്മിതമാണോ ആണോ എന്ന് പരിശോധിച്ചു. ഇത് ഡീപ്പ് ഫേക്ക് കണ്ടൻറ് ആണ് എന്ന പരിശോധനാഫലമാണ് ലഭിച്ചത്. ഇതിൽനിന്നും, സിജെപി സമരം അവസാനിച്ചതുമായി ബന്ധപ്പെട്ട് എൻഡിടിവി ജൂലൈ 26ന് നൽകിയ വാർത്തയും നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ മെയ് 15ന് പ്രധാൻ നടത്തിയ വാർത്താ സമ്മേളനത്തിന്‍റെയും ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വൈറൽ വീഡിയോ നിർമ്മിച്ചതെന്ന് വ്യക്തായി.
Content Highlights: A viral video claimed former Union Education Minister Dharmendra Pradhan threatened the BJP after resigning., The video uses a manipulated NDTV news broadcast clip combined with ANI footage from May 15, 2026., Audio detection and reverse image search confirm the viral video is a deepfake AI-generated content.