2026-ലെ BRICS ഉച്ചകോടിക്കിടെ ഡൽഹിയിൽ സ്ഫോടനം നടന്നോ? | Fact Check

#ഷിബിന വാസുദേവൻ

2026-ലെ BRICS ഉച്ചകോടി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനമുണ്ടായെന്നും കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ദേശീയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ലോകനേതാക്കൾ ഇന്ത്യൻ തലസ്ഥാനത്ത് ഒത്തുചേർന്ന വേളയിലുണ്ടായ സ്ഫോടനം, ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു നയതന്ത്ര സംഗമത്തിന്റെ സുരക്ഷയെക്കുറിച്ച് അതീവ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്” എന്നാണ് വീഡിയോയ്‌ക്ക് ഒപ്പമുള്ള സന്ദേശം. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് വസ്‌തുത പരിശോധനയിൽ വ്യക്തമായി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഇതേ ദൃശ്യങ്ങളടങ്ങിയ റിപ്പോർട്ട് സംപ്രേഷണം ചെയ്തതായി കണ്ടെത്തി. 2025 നവംബറിൽ രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്. നവംബർ 10ന് വൈകുന്നേരം 18:52-ഓടെ ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുവച്ചായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന കാർ പൊട്ടിത്തെറിച്ചത്. ചാവേർ സ്ഫോടനമായിരുന്നു ഇതെന്നും, പിന്നിൽ പ്രവർത്തിച്ചത് അൽ-ഖ്വയ്ദയാണെന്നുമാണ് ദേശീയ അന്വേഷണഏജൻസി കണ്ടെത്തിയത്.

ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ഉമർ ഉൻ നബിയാണ് ചാവേറാക്രമണം നടത്തിയത് . ഉമർ ഓടിച്ചിരുന്ന ഐ20 കാറിനുള്ളിലിരുന്ന് കമാൻഡ് മെക്കാനിസം വഴി ഐ.ഇ.ഡി. സ്ഫോടനം നടത്തുകയായിരുന്നു.

BRICS ഉച്ചകോടിയിൽനിന്നുള്ള ദൃശ്യങ്ങളും, 2025-ലെ ചെങ്കോട്ട സ്ഫോടനത്തിൽനിന്നുള്ള ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് ചേർത്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.

https://www.youtube.com/shorts/RvDzORWrcfQ

വാസ്തവം

2026-ലെ BRICS ഉച്ചകോടിക്കിടെ ഡൽഹിയിൽ സ്ഫോടനമുണ്ടായെന്ന പ്രചാരണം വ്യാജമാണ്. 2025-ലെ ചെങ്കോട്ട സ്ഫോടനത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Content Highlights: A viral video falsely claims a blast occurred near Red Fort during the 2026 BRICS summit., Fact check reveals the video actually shows footage from the November 2025 Red Fort car blast., Old visuals are being maliciously edited and combined with current BRICS summit narratives to mislead the public.