പ്രിയദർശിനി സൗജന്യയാത്ര; വരുമാനം നോക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമെന്ന പ്രചാരണം വ്യാജം | Fact Check

കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളിൽനിന്ന് സർക്കാർ ജിവനക്കാരെ പൂർണ്ണമായി ഒഴിവാക്കും എന്നാണ് ഇതിൽ പറയുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും KSRTC ഓർഡിനറി ബസ്സിൽ സൗജന്യയാത്ര എന്നതായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിൽനിന്നു മാറി, പദ്ധതി ഗുണഭോക്താക്കളിൽനിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കിയും വരുമാന പരിധി ഏർപ്പെടുത്തിയും വിജ്ഞാപനം ഇറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ല.
പ്രിയദർശനി പദ്ധതി നിർത്തലാക്കണം, വരുമാനാടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കണം തുടങ്ങിയ ആവശ്യങ്ങളുമായി സ്വകാര്യ ബസ്സുടമകൾ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. തുടർന്ന് പ്രചരിക്കുന്ന പോസ്റ്ററിൻ്റെ സത്യാവസ്ഥ അറിയുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി ഫോണിൽ ബന്ധപ്പെട്ടു. സർക്കാർ ജീവനക്കാരായ സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുകയോ സൗജന്യയാത്രയ്ക്ക് വരുമാനപരിധി ഏർപ്പെടുത്തുകയോ ചെയ്യില്ലെന്നും മറ്റുമുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും മന്ത്രി മാതൃഭൂമി ഫാക്ട് ചെക്കിനോട് വ്യക്തമാക്കി.
തുടർന്ന് നടത്തിയ പരിശോധനയിൽ ‘എൻ്റെ കോട്ടയം ലൈവ്’ എന്ന ഇൻ്റഗ്രാം പേജിൽ ഇതേ ഗ്രാഫിസോട് കൂടിയ പോസ്റ്റർ ജൂലൈ 27-ന് പങ്കുവച്ചതായി കണ്ടെത്തി. ഇത് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന പോസ്റ്റർ നിർമ്മിച്ചതെന്ന് വ്യക്തമായി. യഥാർത്ഥ പോസ്റ്ററിൽ പ്രിയദർശിനി കാർഡ് വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകൾക്ക് പ്രത്യേകം കാർഡ് വരുന്നു. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാർ ഒന്നിലേറെ ടിക്കറ്റുകൾ നൽകുന്നത് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് കാർഡ് നൽകാൻ ആലോച്ചിരുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. ഈ വാർത്തയെ അടിസ്ഥാനമാക്കി നിർമ്മിച്ച പോസ്റ്ററാണ് ഇപ്പോൾ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ് എന്നാണ് ഗതാഗതമന്ത്രി വ്യക്തമാക്കിയത്.
Content Highlights: Viral social media claims state KSRTC free travel for women will now depend on income limits., Claims also falsely suggest government employees are excluded from the Priyadarshini scheme., Transport Minister confirmed these claims are entirely false., Original post about Priyadarshini cards to prevent misuse was edited and circulated with false information.