പ്രളയദുരന്തത്തിന് ശേഷം നേപ്പാളി പൗരന്മാർ ഇസ്ലാം മതം സ്വീകരിക്കുന്ന ദൃശ്യങ്ങളോ ഇത്? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

2026 ഓഗസ്റ്റ് 26-ന് നേപ്പാളിലും ടിബറ്റിലും ഉണ്ടായ മിന്നൽപ്രളയം വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. ഈ ദുരന്തത്തിന് പിന്നാലെ നേപ്പാളിൽ 41 പേർ ഇസ്ലാം മതം സ്വീകരിച്ചു എന്ന അവകാശവാദത്തോടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. എന്നാൽ, പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് വസ്തുതാ പരിശോധനയിൽ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

https://youtube.com/shorts/ve2XZullxCs?si=UnnfJYzRG_JQyujv

അന്വേഷണം

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ പ്രളയ ദുരന്തത്തിന് ശേഷം 41 പേർ ഒരുമിച്ച് ഇസ്ലാം മതം സ്വീകരിച്ചതായുള്ള വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകളോ വിവരങ്ങളോ ഒന്നുംതന്നെ ലഭ്യമല്ല. വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഇതേ വീഡിയോ 2023 ജൂൺ 11 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണെന്ന് കണ്ടെത്തി. സൗദി അറേബ്യയിലെ ഒരു പള്ളിയിൽവെച്ച് 41 നേപ്പാളികൾ ഇസ്ലാം മതം സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഇത് പ്രചരിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇതേ സംഭവത്തിന്‍റെ ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്റ് കണ്ടെത്തി. “ബദിയയിലെ ദഅ്‌വ അസോസിയേഷൻ, 44 നേപ്പാൾ സ്വദേശികൾ ഇസ്‌ലാം മതം സ്വീകരിച്ചു” എന്നാണ് ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സൗദി അറേബ്യയിലെ ബാദിയയിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് 'അൽ-ദഅ്‌വ അസോസിയേഷൻ' (Al-Da'wah Association). ദൃശ്യങ്ങൾ എവിടെവച്ച് ചിത്രീകരിച്ചു എന്ന് തുടർന്ന് പരിശോധിച്ചു. വീഡിയോയിലെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മസ്ജിദ് ഗസ്വ അൽ-മുതൈരി (Masjid Ghazwa Al-Mutairi) പള്ളിയുടെ ചില ദൃശ്യങ്ങൾ ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ പശ്ചാത്തലം പള്ളിയിലെ ഇൻറീറിയറുമായി പൂർണ്ണമായി ഒത്തുപോകുന്നുണ്ട്. വീഡിയോയിൽ കാണുന്നവരുടെ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പ്രചരിക്കുന്ന വീഡിയോയ്ക്ക് നേപ്പാളിലെ പ്രളയവുമായി ബന്ധമില്ലെന്ന് വ്യക്തമായി.

https://www.facebook.com/Islamforallhumanity/posts/al-dawah_association-in-badiah-alhamdulilaha-44-nepalese-converted-to-islamallah/5283429681693926/

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. 2023 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമായ ദൃശ്യങ്ങൾ 2026-ലെ നേപ്പാൾ പ്രളയവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുകയാണ്.

Content Highlights: A viral video claims 41 Nepalese citizens converted to Islam following the 2026 Nepal and Tibet flash floods., Fact check reveals the video dates back to at least June 2023 from a mosque in Saudi Arabia., The video actually shows a conversion event organized by the Al-Da'wah Association in Badiah, Riyadh., The 2026 Nepal flood claim is completely false and misleading.