10.90 രൂപക്ക് വിതരണം ചെയ്‌ത ഓണം അരിക്ക് ഈ വർഷം 26 രൂപയോ? Fact Check

#ഷിബിന വാസുദേവൻ

കഴിഞ്ഞ ഓണത്തിന് 10.90 രൂപക്ക് വിതരണം ചെയ്‌ത അരിക്ക് ഈ വർഷം 26 രൂപയാക്കി എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ചിത്രമുൾപ്പെടെയാണ് പ്രചാരണം. വാട്സാപ്പും ഫേസുബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഈ പോസ്റ്റർ പങ്കുവയ്ക്കുന്നത്. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നാൽ, ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നതാണ് വാസ്തവം.

പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

അന്വേഷണം

സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഭക്ഷ്യവിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.

ഈ വർഷത്തെ ഓണം ഒരുക്കങ്ങൾ വിവരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശനും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും സ്പെഷ്യൽ അരിയുടെ വിലയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം നീല കാർഡ് ഉടമകൾക്ക് 3 കിലോയും വെള്ള കാർഡ് ഉടമകൾക്ക് 7 കിലോയും അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ വൻതോതിൽ അരിയും ഗോതമ്പും വിപണിയിലെത്തിക്കുന്നതിനൊപ്പം, നീല കാർഡുകാർക്ക് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരിയും ഗോതമ്പും ലഭ്യമാക്കുമെന്നും അറിയിച്ചു. ഇതിനുപുറമെ, സംസ്ഥാനത്തുടനീളം മെഗാ ട്രേഡ് ഫെയറുകളും ഓണം മാർക്കറ്റുകളും സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിനായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ, റെക്കോർഡ് വേഗത്തിൽ 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായും അവർക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ നൽകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു

കേന്ദ്ര സർക്കാരിൻ്റെ ഭാരത് റൈസിന് പകരമായി സർക്കാർ വിതരണം ചെയ്യുന്ന 'കെ-റൈസ്' (Sabari K-Rice) എന്ന പ്രത്യേക ബ്രാൻഡ് അരിയ്ക്ക് 29 രൂപയാണ് വില. ഇത് റേഷൻ കടകൾ വഴി നൽകുന്ന പ്രത്യേക ഓണം അരിയല്ല. ഈ അരിയുടെ വിലയാകാം തെറ്റായ പ്രചാരണത്തിലേക്ക് നയിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്.

Content Highlights: Viral social media claims state that subsidized Onam rice price has been increased to Rs 26., The government confirmed that subsidized Onam rice is still available at Rs 10.90 for blue cardholders., Free Onam kits are provided for yellow cardholders and welfare institution inmates., Sabari K-Rice is priced at Rs 29, which is different from the subsidized Onam special rice, causing confusion.