ക്യൂ ആർ കോഡ് വഴി അഭിജിത്ത് ദീപ്കെ പണം അഭ്യർത്ഥിച്ചോ? | Fact Check

ജന്തർ മന്തർ സമരത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കോക്രോച്ച് ജനതാ പാർട്ടി സഹ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിജിത് ദീപ്കെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ യഥാർത്ഥ സൂത്രധാരന്മാർ അശുതോഷും സൗരവുമാണെന്നായിരുന്നു ഇതിൽ അഭിജിത് പറഞ്ഞത്. ഭാവിയിലും സമരം അഹിംസാമാർഗ്ഗത്തിൽ തന്നെ തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ അഭിജീത്തിന്റെ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പണം ആവശ്യപ്പെട്ടുകൊണ്ടുളള അഭിജിത്തിൻ്റെ ദൃശ്യങ്ങളാണിതിൽ. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
cockroach_janta_party70 എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് അഭിജിത് ദീപ്കെയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്ലൂ വെരിഫൈഡ് ബാഡ്ജുള്ള ഈ അക്കൗണ്ടിൽ 100 പോസ്റ്റുകളും 3,41,000 ഫോളോവേഴ്സും ഉണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ അഭിജിത്ത് ചെയ്തിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. അഭിജിത്തിൻ്റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോഴും ഈ പ്രചാരണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെ കണ്ടെത്താനായില്ല.
ക്യൂ ആർ കോർഡ് വഴി പണമടയ്ക്കാനാണ് വൈറൽ വീഡിയോയിൽ ആവശ്യപ്പെടുന്നത്. നൽകിയിരിക്കുന്ന ക്യൂ ആർ കോർഡ് സ്കാൻ ചെയ്തപ്പോൾ അത് 'PayU' ഹോസ്റ്റ് ചെയ്ത ഒരു പേയ്മെന്റ് പേജിലേക്കാണ് നയിച്ചത്. ഈ ലിങ്ക് 'ജ്യോതിഷ് കുമാർ' എന്ന പേരിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്കുള്ളതായിരുന്നു. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയിലെ അഭിജിത്തിൻ്റെ സംസാരത്തിനും മുഖത്തിനും എഐ നിർമ്മിത വീഡിയോകൾക്ക് സാധാരണയായി കണ്ടുവരുന്ന പല അപാകതകളും ഉണ്ടായിരുന്നു.
കോക്രോച്ച് ജനതാ പാർട്ടിയുടെ ഫണ്ടിംഗിനെക്കുറിച്ച് അഭിജിത് ദീപ്കെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ, താനും സുഹൃത്തുക്കളും ചേർന്നാണ് പാർട്ടിയുടെ നിലവിലെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതെന്നും ട്രസ്റ്റ് രജിസ്ട്രേഷന് ശേഷമേ പൊതുജനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന അക്കൗണ്ടിന്റെ ബയോയിൽ ഇത് "എഐ നിർമ്മിത പ്രൊഫൈൽ" ആണെന്ന് രേഖപ്പെടുത്തിയതായി കണ്ടു. കൂടാതെ പണമടച്ചുള്ള പരസ്യങ്ങൾക്കും (Paid promotions & collaborations) അക്കൗണ്ട് ലഭ്യമാണെന്നും ഇതിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. വൈറൽ ദൃശ്യങ്ങൾ എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പരിശോധിച്ചു. ദൃശ്യങ്ങൾ 98 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. ഇതിൽനിന്നു വൈറൽ വീഡിയോക്ക് ദീപ്കെയുമായോ സിജെപിയുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും സ്ഥിരീകരിക്കാം.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.
Content Highlights: Viral video of Abhijeet Dipke asking for money via QR code is completely fake., AI detection tools confirmed the video is 98% AI-generated., The QR code leads to a payment page registered under the name 'Jyotish Kumar'., Cockroach Janta Party has not solicited public funds yet.