അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിൽ ചൈനീസ് സൈന്യം! വൈറൽ വീഡിയോയുടെ യാഥാർഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ നേർക്കുനേർ വരുന്ന സംഭവങ്ങളും തർക്കങ്ങളും ഉണ്ടായതായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) ഡയറക്ടർ ജനറൽ ശത്രുഘ്‌നൻ കപൂർ പ്രസ്താവിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പലയിടങ്ങളിലും ചൈന കടന്നുകയറിയെന്ന് അരുണാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ബോസിറാം ശ്രീറാമും ആരോപിച്ചു. ഇന്ത്യയുടെ ഭൂഭാഗങ്ങൾ ഒന്നുംതന്നെ ചൈന കയ്യേറിയിട്ടില്ലെന്നും, അതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്നുമാണ് കേന്ദ്ര സർക്കാരും സൈന്യവും വ്യക്തമാക്കിയത്.

ഇതിനിടെ, ചൈനീസ് സൈന്യം അരുണാചലിലെ തർക്കപ്രദേശങ്ങൾ കയ്യേറി എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. “ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (PLA) ശക്തമായി രംഗത്തിറങ്ങിയപ്പോൾ, ഇന്ത്യൻ സൈന്യം ഈ പ്രദേശത്തൊന്നും തന്നെയില്ല. അരുണാചലിലെ തർക്കപ്രദേശങ്ങളിലെ കൂടുതൽ മേഖലകളിലേക്ക് ചൈനീസ് സേന കടന്നുകയറിയിരിക്കുന്നു.” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.

എന്നാൽ ഈ ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

https://www.facebook.com/share/v/1CBKavXKwm/

സൈനികർ തമ്മിൽ ഉണ്ടാകുന്ന വാക്കുതർക്കവും കയ്യാങ്കളിയുമാണ് വൈറൽ ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾ സൂക്ഷമായി പരിശോധിച്ചാൽ ഇവർ ധരിച്ചിരിക്കുന്ന യൂണിഫോമുകളിലെ ഷോൾഡർ പാച്ചുകളിലെ എംബ്ലം ഇന്ത്യ, ചൈനീസ് സൈന്യങ്ങളുടേത് അല്ലെന്ന് കാണാം. ഇത് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ മ്യാൻമറിലെ സായുധ സംഘടനയായ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിയുടെ ചിഹ്നമാണിതെന്ന് വ്യക്തമായി. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്‌തപ്പോൾ, 'r/myanmar' എന്ന റെഡ്ഡിറ്റ് അക്കൗണ്ടിൽ ഇതേ വീഡിയോ 2024 സെപ്റ്റംബർ 11-ന് പോസ്റ്റ് ചെയ്തതായി കണ്ടു. മ്യാൻമർ വാർത്താ ഏജൻസിയായ പീപ്പിൾ സ്പ്രിംഗ് ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉൾപ്പടെ 2024 സെപ്തംബറിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മ്യാൻമറിലെ അതിർത്തി മേഖലയായ വടക്കൻ ഷാനിൽ വംശീയ സായുധ സേനകൾ തമ്മിൽ പ്രാദേശികതലത്തിൽ തർക്കങ്ങൾ പതിവാകുന്നു എന്ന തലക്കെട്ടോടെയാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട നേതാക്കൾ എത്രയും വേഗം നേരിട്ട് കണ്ട് ചർച്ചകൾ നടത്തണമെന്ന് ആവശ്യം ഉയർന്നതായാണ് പോസ്റ്റിൽ പറയുന്നത്.

റെഡ്ഡിറ്റ് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

മ്യാൻ‌മറിലെ സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന വംശീയ സായുധ ഗ്രൂപ്പുകകളായ കൊകാങ് സൈന്യം (കൊകാങ് വംശജരുടെ സായുധ സംഘടനയായ 'മ്യാന്മർ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആർമി' MNDAA) കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (കച്ചിൻ വംശീയ വിഭാഗങ്ങളുടെ സ്വയംഭരണത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന സായുധ സംഘടന KIA), എന്നിവയിലെ അംഗങ്ങൾ തമ്മിൽ ഉണ്ടായ തർക്കത്തെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. വടക്കൻ ഷാനിലുംഅതിർത്തി പ്രദേശങ്ങളിലും കെ.ഐ.എയോടൊപ്പം സ്വാധീനമുള്ള മറ്റൊരു പ്രധാന സായുധ സംഘടനയാണ് എം.എൻ.ഡി.എ.എ . ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരു സംഘടനകളും തമ്മിലുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയാണ് അരുണാചൽ പ്രദേശിലെ ഗ്രാമങ്ങൾ ചൈനീസ് സൈന്യം കയ്യേറി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.

Content Highlights: A viral video falsely claimed that Chinese troops entered Arunachal Pradesh villages., Fact check reveals the video actually depicts a clash between ethnic armed groups in Myanmar (KIA and MNDAA)., The uniforms and shoulder patches in the video do not belong to Indian or Chinese militaries., The original footage dates back to September 2024 from Myanmar's northern Shan state.