പാമ്പുകടിക്കുള്ള ആൻറിവെനം കുത്തിവെപ്പ് 108 ആംബുലൻസിൽ ലഭ്യമെന്ന പ്രചാരണം വ്യാജം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

പാമ്പുകടിയേറ്റാൽ നൽകുന്ന ആൻറി വെനം കുത്തിവെപ്പ് 108 ആംബുലൻസുകളിൽ ലഭ്യമാണെന്ന അറിയിപ്പോടെ ഒരു സന്ദേശം വാട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ‘ആർക്കെങ്കിലും പാമ്പുകടിയേറ്റാലുടൻ 108-ലേക്ക് വിളിക്കാമെന്നും ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകും’ എന്നാണ് വൈറൽ സന്ദേശത്തിൽ പറയുന്നത്. കഴിയാവുന്നത്ര ആൾക്കാരിലേക്ക് വിവരം എത്തിക്കുന്നതിനായി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കണമെന്നും മെസ്സേജിൽ ഉണ്ട്.

വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച സന്ദേശം

108 ആംബുലൻസിൽ ആൻറിവെനം കുത്തിവെപ്പെടുക്കും എന്ന വാദം ശരിയല്ല. കാരണം, വിഷബാധയേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങളോ അല്ലെങ്കിൽ ലാബ് പരിശോധനാ ഫലങ്ങളോ അടിസ്ഥാനമാക്കി, മെഡിക്കൽ പ്രോട്ടോകോൾ പ്രകാരം മാത്രമാണ് ഡോക്ടർമാർ ആന്റി സ്നേക്ക് വെനം കുത്തിവയ്പ്പ് നൽകുന്നത്. പാമ്പുകടിയേറ്റവരെ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് 2026 ഏപ്രിൽ 24-ന് അറിയിച്ചിരുന്നു.

അതായത്, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ 108 ആംബുലൻസുകളിൽ ആന്റിവെനം കുത്തിവെപ്പ് എടുക്കുകയല്ല മറിച്ച് പാമ്പുകടിയേറ്റ രോഗിയെ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിനായി 108 ആംബുലൻസ് സർവ്വീസ് ഡെപ്യൂട്ടി മാനേജർ നിഖിലുമായി ഫോണിൽ ബന്ധപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്സ് ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. സന്ദേശം ഒട്ടേറെപ്പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

Content Highlights: Viral WhatsApp message claims 108 ambulances carry anti-snake venom., Official confirmation and deputy manager state the claim is completely fake., 108 ambulances transport patients to hospitals with anti-venom rather than administering it on-site., A police complaint has been filed regarding the misleading social media forward.