വടക്കുംപുറം ദേശവിളക്ക് ഭക്തിസാന്ദ്രമായി

പറവൂർ: വടക്കുംപുറം ആശാൻ മൈതാനിയിൽ അയ്യപ്പഭക്തജന സേവാസമിതിയുടെ നേതൃത്വത്തിൽ നടന്ന ദേശവിളക്ക് ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് സംവാദസൂക്ത അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ എന്നിവ നടന്നു. തുടർന്ന് ചേന്ദമംഗലം അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്നും ആന, തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, പൂത്താലം എന്നിവയുടെ അകമ്പടിയോടെ അയ്യപ്പസ്വാമിയുടെ എഴുന്നള്ളിപ്പുമുണ്ടായി. പകൽപ്പൂരവും നടന്നു.
വൈകീട്ട് കൂട്ടുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്നും ആനയുടെയും മേളങ്ങളുടെയും താലങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു. വടക്കുംപുറം തിരുമനാംകുന്നിൽ ഭഗവതി ക്ഷേത്രത്തിൽനിന്നും ആന, തെയ്യം, താലം, പഞ്ചവാദ്യം എന്നിവയോടെ ഭഗവതിയുടെ വാളും ചിലമ്പും അരമണിയും എഴുന്നള്ളിപ്പുമുണ്ടായി.
തുടർന്ന് നടന്ന സർവമത സംഗമത്തിന് എ.എസ്. അബ്ദുൾസലാം, ഫാ. ജോസഫ് മാളിയേക്കൽ, മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രി എന്നിവർ ചേർന്ന് ദീപം തെളിച്ചു. അന്നദാനം, പേട്ടതുള്ളൽ, തെയ്യം, ശാസ്താംപാട്ട്, ചിന്ത്, ഭജന, എതിരേൽപ്പ്, ആഴിപൂജ എന്നിവ തുടർന്നുണ്ടായി.
Content Highlights: Vadakkumpuram Deshavilakku festival was celebrated with various rituals, processions, and an interfaith meeting in Paravur.