ക്വാണ്ടം ശാസ്ത്രപ്രദര്‍ശനം നവംബര്‍ 7 മുതല്‍; മന്ത്രി പി. രാജീവ് തിരശീല ഉയര്‍ത്തി

മന്ത്രി പി രാജീവ് ചടങ്ങിന് എത്തിയപ്പോൾ.
മന്ത്രി പി രാജീവ് ചടങ്ങിന് എത്തിയപ്പോൾ.

നവംബര്‍ 7 മുതല്‍ ഫെബ്രുവരി 28 വരെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ചുറി സയന്‍സ് എക്‌സിബിഷന്റെ തിരശീല ഉയര്‍ത്തല്‍ വ്യവസായമന്ത്രി പി. രാജീവ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിര്‍വ്വഹിച്ചു. ആധുനികലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന 'ക്വാണ്ടം സയന്‍സ്' എന്ന വിസ്മയലോകത്തേക്കു വാതില്‍ തുറക്കുന്നതാണു പ്രദര്‍ശനം.

ക്വാണ്ടം സയന്‍സ് പിറന്നതിന്റെ നൂറാം വര്‍ഷമായ 2025 'ക്വാണ്ടം സയന്‍സിന്റെയും ടെക്‌നോളജിയുടെയും അന്താരാഷ്ട്രവര്‍ഷ'(International Year of Quantum Science and Technology)മായി കൊണ്ടാടാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതുപ്രകാരം കേരളത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണീ എക്‌സിബിഷന്‍.

തിരശീല ഉയര്‍ത്തല്‍ ചടങ്ങില്‍ പ്രൊഫ (ഡോ). എം. ജുനൈദ് ബുഷ്‌റി അധ്യക്ഷനായി. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. എന്‍. മധുസൂദനന്‍, കേരള ശാസ്ത്രസാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് ജി. സ്റ്റാലിന്‍, സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജി. സന്തോഷ് കുമാര്‍, ഫെഡറല്‍ ബാങ്ക്, എറണാകുളം സോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡ്ഡുമായ സി. എം. ശശിധരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. പി. ഷൈജു സ്വാഗതവും ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഡോ. ജയന്തി എസ്സ്. പണിക്കര്‍ നന്ദിയും പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയും കേരള ശാസ്ത്രസാഹിത്യപരിഷത്തും ഏകോപിപ്പിക്കുന്ന എക്‌സിബിഷന് വിവിധ സര്‍വ്വകലാശാലകള്‍, കോളെജുകള്‍, പ്ലാനിറ്റേറിയം, ലൂക്ക സയന്‍സ് പോര്‍ട്ടല്‍, ബഹുജനസംഘടനകള്‍ എന്നിവര്‍ കരുത്താകുന്നു. സി. വി. രാമന്‍, മേരി ക്യൂറി, ലിസെ മെയ്റ്റ്‌നര്‍ എന്നിവരുടെ ജന്മദിനമായ നവംബര്‍ 7 മുതല്‍ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെ നാലുമാസങ്ങളിലായി കേരളത്തിലെ 11 കേന്ദ്രങ്ങളില്‍ നടക്കുന്ന എക്‌സിബിഷന്‍ പൊതുജനസഹകരണത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്വാണ്ടം സയന്‍സ് ബാലികേറാമലയാണെന്നും മഹാബുദ്ധിജീവികള്‍ക്കു മാത്രമേ മനസിലാകൂ എന്നുമുള്ള ധാരണ പൊളിക്കുന്നതാകും പ്രദര്‍ശനം. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പ്രയോജനപ്പെടുമാറു ക്യൂറേറ്റ് ചെയ്ത എക്‌സിബിഷനില്‍ പരീക്ഷണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, മാതൃകകള്‍, പാനലുകള്‍, മത്സരങ്ങള്‍ ഒക്കെയുണ്ട്. ഹോളോഗ്രാം, സിമുലേഷനുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍, സ്‌ഫെറിക്കല്‍ പ്രൊജക്ഷന്‍ എല്ലാം സമന്വയിക്കുന്നു. ക്വാണ്ടം പ്രതിഭാസങ്ങള്‍ നേരിട്ടു പരിചയപ്പെടാന്‍ അവസരമുണ്ടാകും. പീരിയോഡിക് ടേബിളിലെ മൂലകങ്ങള്‍, രാമന്‍ ഇഫക്ട് തുടങ്ങി പലതും നേരിട്ടു കാണാം. ഇതടക്കം സവിശേഷതകള്‍ ഏറെയുള്ളതാണു ശാസ്ത്രപ്രദര്‍ശനം. പ്രകാശത്തിനും പ്രാധാന്യമുണ്ട്. എക്‌സിബിറ്റുകള്‍, പരീക്ഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ ഭാഗമാണ്.

ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെ, പ്രത്യേകിച്ചു ഡോ: സി.വി രാമന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ, പരിചയപ്പെടുത്തുന്ന എക്‌സിബിറ്റുകള്‍, രാമനു നൊബേല്‍ സമ്മാനം ലഭിച്ച രാമന്‍ ഇഫക്ട് പരീക്ഷണം ഉള്‍പ്പെടെ ക്വാണ്ടം സയന്‍സിലെയും സൂപ്പര്‍ കണ്ടക്റ്റിവിറ്റി, ഫോട്ടോണിക്‌സ്, നാനോ സയന്‍സ് തുടങ്ങിയ മേഖലയിലെയും പ്രധാന പരീക്ഷണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും. കൂടാതെ, പ്രദര്‍ശനസ്ഥലങ്ങളില്‍ പ്രഭാഷണങ്ങളും മത്സരങ്ങളും ഉണ്ടാകും. എക്‌സിബിറ്റുകള്‍ വിശദീകരണത്തിനു പ്രാധാന്യമുള്ളതാകയാല്‍ കാര്യങ്ങള്‍ വിശദീകരിച്ചുതരാന്‍ എല്ലാ സ്റ്റാളിലും പരിശീലനം നേടിയ യുവശാസ്ത്രവിദ്യാര്‍ത്ഥികളും ഉണ്ടാകും. ഇത്തരം എക്‌സ്പ്ലെയിനര്‍മാരാകാന്‍ ഡിഗ്രി, പിജി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.q.luca.co.in/ എന്ന സൈറ്റു നോക്കാം.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ എക്‌സിബിഷന്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തില്‍ നവംബര്‍ 7-ന് ആരംഭിക്കും. പിന്നീട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അഞ്ചുദിവസംവീതം പ്രദര്‍ശനം നടത്തും.

പ്രദര്‍ശനങ്ങളുടെ സമയവും സ്ഥലവും

  • നവംബര്‍ 7-16 കൊച്ചി സര്‍വ്വകലാശാല- ശാസ്ത്രസമൂഹകേന്ദ്രം
  • നവംബര്‍ 21 - 25കൊല്ലം - ടി.കെ.എം. കോളേജ്
  • നവംബര്‍ 28 - ഡിസംബര്‍ 3കോട്ടയം -സെന്റ് തോമസ് കോളേജ്, പാല
  • ഡിസംബര്‍ 7 - 11 ആലപ്പുഴ - എസ്.എന്‍ കോളേജ് ചേര്‍ത്തല
  • ഡിസംബര്‍ 24 - 30കോഴിക്കോട് - റിജിയണല്‍ സയന്‍സ് സെന്റര്‍ & പ്ലാനറ്റേറിയം
  • ജനുവരി 3 - 8 കാസര്‍കോട് -നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട്
  • ജനുവരി 12 - 17കണ്ണൂര്‍ - വി.കെ കൃഷ്ണമേനോന്‍ വനിതാ കോളേജ്
  • ജനുവരി 20 - 24വയനാട് - സെന്റ് മേരീസ് കോളേജ് , ബത്തേരി
  • ജനുവരി 27 - ഫെബ്രുവരി 2മലപ്പുറം
  • ഫെബ്രുവരി 5 - 10തിരുവനന്തപുരം
  • ഫെബ്രുവരി 14 - 19ഇടുക്കി - കട്ടപ്പന ഗവ. കോളേജ്

കോളെജ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗുണകരമാകുന്ന എക്‌സിബിഷനില്‍ പൊതുജനങ്ങളടക്കം എല്ലാവര്‍ക്കും മികച്ച അനുഭവമാകും. വിദ്യാര്‍ത്ഥികളെ പ്രദര്‍ശനം കാണിക്കാന്‍ സ്‌കൂള്‍, കോളെജ് അധികൃതര്‍ മുന്‍കൈ എടുക്കുമെന്നു പ്രത്യാശിക്കുന്നു. സന്ദര്‍ശനദിവസം മുന്‍കൂട്ടി അറിയിച്ചാല്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ സംഘാടകര്‍ ചെയ്യും. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് 10 മണി മുതല്‍ 4 മണിവരെ മുന്‍ഗണനയുണ്ടാകും.

ക്വാണ്ടം സയന്‍സ് നമുക്കു നല്‍കിയ സംഭാവനകള്‍ വളരെ പ്രധാനമാണ്. വര്‍ണ്ണപ്പൊലിമ വിതറുന്ന, എന്നാല്‍ ഊര്‍ജ്ജം കുറച്ചു മാത്രം ഉപയോഗിയ്ക്കുന്ന എല്‍ഇഡി ലൈറ്റുകള്‍, സൗരോര്‍ജ്ജം വൈദ്യുതിയാക്കുന്ന സോളാര്‍ പാനലുകള്‍, ടെലിവിഷന്‍, അമോലെഡ് സെല്‍ഫോണ്‍ ഡിസ്‌പ്ലേ, വിവിധ ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ചികിത്സാരംഗത്ത് ഉപയോഗിയ്ക്കുന്ന ലേസറുകള്‍, എംആര്‍ഐ, പിഇടി സ്‌കാനറുകള്‍, സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ജിപിഎസ്, സൂക്ഷ്മലോകത്തെ വെളിവാക്കുന്ന ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്, പ്രപഞ്ചചരിത്രത്തെയും വികാസത്തെയും അറിയാനുള്ള അത്യാധുനിക ശാസ്ത്രീയോപകരണങ്ങള്‍, നാനോടെക്‌നോളജിയില്‍ അധിഷ്ഠിതമായ വസ്തുക്കള്‍, എന്നിങ്ങനെ മനുഷ്യജീവിതത്തെ വിപ്ലവകരമായ പരിവര്‍ത്തനത്തിലേക്കു വഴിനടത്തിയ ശാസ്ത്ര-സാങ്കേതികരംഗത്തെ കുതിച്ചുചാട്ടങ്ങള്‍ക്കു പിന്നിലെ നിര്‍ണ്ണായകമായ വിജ്ഞാനശാഖയാണ് ക്വാണ്ടം സയന്‍സ്.

ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍, ക്വാണ്ടം സെന്‍സിങ് തുടങ്ങിയ പലതും വൈകാതെ യാഥാര്‍ത്ഥ്യമാകും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.

പിടിതരാതെ പോയ ഒട്ടനവധി സമസ്യകള്‍ക്കുള്ള മറുപടി ഈ ശാസ്ത്രശാഖയില്‍നിന്നാണ് ഇന്നു നമുക്കു ലഭിക്കുന്നത്. ഫോട്ടോസിന്തസിസ് നടക്കുന്നത് എങ്ങനെ, ദേശാടനപക്ഷികള്‍ ദിക്കറിയുന്നതെങ്ങനെ, ഗന്ധം തിരിച്ചറിയുന്നതും എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നതും എങ്ങനെ തുടങ്ങി വിവിധങ്ങളായ ചോദ്യങ്ങള്‍ക്ക് സൂക്ഷ്മതലത്തില്‍ ഈ ശാസ്ത്രശാഖ ഉത്തരം നല്കുന്നു. 2025ലെ നൊബേല്‍ സമ്മാനമുള്‍പ്പെടെ ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ നല്‍കപ്പെട്ട നൊബേലുകള്‍ അനവധിയാണ്. ശാസ്ത്രത്തില്‍ ഇന്ത്യയ്ക്കു ലഭിച്ച ഏക നൊബേലും ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ടാണ്.

Content Highlights: The Quantum Century Science Exhibition showcases advancements shaping our future.