നേര്യമംഗലത്ത് ഹൈറേഞ്ചിൽ ടൂറിസം വികസനം ബോട്ട് ടെർമിനൽ പ്രവർത്തനക്ഷമമാക്കും, ഫാം ടൂറിസം, പിവി.ഐ.പി. സ്ഥലത്ത് ഉദ്യാനവും പാർക്കും

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന 
നേര്യമംഗലത്ത് പെരിയാര്‍ തീരത്ത് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന  ബോട്ട് ടെര്‍മിനല്‍ സന്ദര്‍ശിക്കുന്ന ഷിബു തെക്കുംപുറം എം.എല്‍.എ.യും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍
നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന നേര്യമംഗലത്ത് പെരിയാര്‍ തീരത്ത് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ട് ടെര്‍മിനല്‍ സന്ദര്‍ശിക്കുന്ന ഷിബു തെക്കുംപുറം എം.എല്‍.എ.യും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍

കോതമംഗലം: മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടമായ നേര്യമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കുവാൻ ഷിബു തെക്കുംപുറം എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നിർമാണം പൂർത്തീകരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന നേര്യമംഗലത്തെ ബോട്ട് ടെർമിനൽ പ്രവർത്തനക്ഷമമാക്കും. ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഒരേക്കർ സ്ഥലത്ത് മനോഹരമായ ഉദ്യാനവും പാർക്കും ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. നേര്യമംഗലം ഫാം കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. സഞ്ചാരികൾക്ക് ഫാം സന്ദർശിക്കാനുള്ള സൗകര്യങ്ങൾ, ഫാമിലെ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നഴ്‌സറി, താമസ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഫാമിന്റെ വികസന പദ്ധതി തയ്യാറാക്കും. നേര്യമംഗലത്തിന്റെ ടൂറിസം സാധ്യതകളെ അടിസ്ഥാനമാക്കി സമഗ്ര ടൂറിസം പാക്കേജ് രൂപവത്കരിച്ച് സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം. കോതമംഗലം മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ടൂറിസ്റ്റ് സർക്യൂട്ടിലും നേര്യമംഗലം ഉൾപ്പെടുത്തും. നേര്യമംഗലത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുമെന്ന് നേര്യമംഗലം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഷിബു തെക്കുംപുറം എം.എൽ.എ. പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, വാർഡ് മെംബർമാർ, നേതാക്കളായ ബാബു ഏലിയാസ്, സൈജന്റ് ചാക്കോ, മുഹമ്മദ് ഇക്ബാൽ, ജെയ്‌മോൻ ജോസ്, കെ.എം. നൗഷാദ്, കെ.എം. അലിയാർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Plans are underway to transform Neriamangalam into a major tourist hub by activating the boat terminal, expanding farm tourism, and building a new park.