ലഹരിക്കെതിരേ ചെസിലൂടെ കരുനീക്കാം... മെഗാ ചെസ് ടൂർണമെന്റ് ഡിസംബർ 5-ന്

കോതമംഗലം: ലഹരിക്കെതിരേ വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ യെൽദോ മാർ ബസേലിയോസ് കോളേജിന്റെയും മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും ഫാസിയോ ചാരിറ്റബിൾ ക്ലബ്ബും സംയുക്തമായി മെഗാ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 5 മുതൽ 20 വയസ്സുവരെയുള്ള സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള മത്സരം ഡിസംബർ 5-ന് പുതുപ്പാടി മരിയൻ അക്കാദമിയിൽ നടക്കും. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാത്യൂസ് മാർ അപ്രേം, പ്രൊഫ. ബേബി എം. വർഗീസ്, ഷിബു തെക്കുംപുറം എം.എൽ.എ., കോളേജ് വൈസ് ചെയർമാൻ അജയ് ബേബി വർഗീസ്, പ്രിൻസിപ്പൽ സോളമൻ കെ. പീറ്റർ, വകുപ്പ് മേധാവി നിമ്മി എബ്രഹാം, ഡീൻ ഷാജു വർഗീസ്, പ്രോഗ്രാം കോഡിനേറ്റർമാരായ എൽദോസ് പി.യു., രശ്മി കെ.പി. എന്നിവർ സന്നിഹിതരായി.
21,000 രൂപയുടെ കാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് സമ്മാനിക്കും. മികച്ച സ്കൂൾ, കോളേജുകൾക്കുള്ള പ്രത്യേക ട്രോഫിയും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഡിസംബർ 3 വരെ. വിവരത്തിന് 99474 14266.
Content Highlights: A mega chess tournament against drug abuse will be held at Puthuppadi Marian Academy in Kothamangalam for school and college students on December 5.