അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന് സമാപനം

കൊച്ചി : അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ‘ടൈപ്പോഡെ-2026’ സമാപിച്ചു. ജെയിൻ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും മുംബൈ ഐ.ഐ.ടി.യിലെ ഐ.ഡി.സി. സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

'ടൈപ്പോഗ്രഫിക് ഇന്റർസെക്ഷൻസ്: അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്' എന്ന പ്രമേയത്തിൽനടന്ന സംഗമം രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷകർക്കും ഡിസൈനർമാർക്കും ടൈപ്പോഗ്രഫിരംഗത്തെ പുതിയ ആശയങ്ങൾ പങ്കുവെയ്ക്കാനുള്ള വേദിയായി. പരമ്പരാഗത അക്ഷരകലകൾ, ഇന്ത്യൻ ലിപികൾ, ആധുനിക ടൈപ്പോഗ്രഫി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ തമ്മിലുള്ള മാറുന്ന ബന്ധങ്ങളും പുതിയ ടൈപ്പ് ഡിസൈൻ രീതികളും സമ്മേളനത്തിൽ ചർച്ചയായി.

സമാപനദിനത്തിൽ ഇലിനോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗ്രാഫിക് ഡിസൈൻ പ്രൊഫസറും ഡിസൈൻ സ്ട്രീക്ക് സ്റ്റുഡിയോ ക്രിയേറ്റീവ് ഡയറക്ടറുമായ പ്രൊഫ. അർച്ചനാ ശേഖര മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രബന്ധ അവതരണങ്ങളിൽ ടൈപ്പോഗ്രഫിയുടെ വിവിധ തലങ്ങൾ പ്രതിനിധികൾ ചർച്ചചെയ്തു.

ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്ത ഐ.ഐ.ടി. മുംബൈയിലെ പ്രൊഫ. ഡോ. ഡി. ഉദയകുമാർ നയിച്ച ടൈപ്പോ ക്വിസ് നടന്നു.

ടൈപ്പോഗ്രഫി, കമ്യൂണിക്കേഷൻ ഡിസൈൻ മേഖലകളിലെ സമഗ്ര സംഭാവനകൾക്കുനൽകുന്ന ഈവർഷത്തെ ടൈപ്പോഡേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു.

യു.കെ.യിലെ റീഡിങ് സർവകലാശാലയിലെ ടൈപ്പോഗ്രഫി ആൻഡ് ഗ്രാഫിക് കമ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഫിയോണ റോസ്, അന്തരിച്ച ഡിസൈനർ അനൂപ് രാമകൃഷ്ണൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. അനൂപ് രാമകൃഷ്ണനുവേണ്ടി ഭാര്യ മീനാ അനൂപ് മരണാനന്തര ബഹുമതി പ്രൊഫ. ജി.വി. ശ്രീകുമാർ, കാലിഗ്രാഫർ നാരായണ ഭട്ടതിരി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.

ടൈപ്പോഗ്രഫി ഡേ 2026-ന്റെ ഔദ്യോഗിക ലോഗോ രൂപകല്പന ചെയ്ത രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥി സ്റ്റീവ് ജോർജ്, കോൺഫറൻസിൽ മികച്ച സംഭാവനകൾ നൽകിയ സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. അളഗപ്പൻ, ഐ.ഐ.ടി. ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫ. ജി.വി. ശ്രീകുമാർ എന്നിവരെ ആദരിച്ചു.