മൂത്തകുന്നം-ഇടപ്പള്ളി ദേശീയപാത പണി വൈകുന്നു

പറവൂർ : ജില്ലയിലെ റോഡ് ഗതാഗതത്തിന് വലിയ ദിശാമാറ്റം കുറിക്കുന്ന മൂത്തകുന്നം-ഇടപ്പള്ളി ദേശീയപാത 66-ന്റെ പണി തുടങ്ങിയിട്ട് നാലുവർഷമാകുന്നു. 2022 ഒക്ടോബർ 21-ന് തുടങ്ങിയ പാതയുടെ നിർമാണം 78 ശതമാനം പൂർത്തിയാക്കിയതായാണ് കരാർ കമ്പനി അവകാശപ്പെടുന്നത്. 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഇതുവരെ അഞ്ചുകിലോമീറ്റർ ഭാഗത്തെ ആറുവരിപ്പാതയും സർവീസ് റോഡുകളും മാത്രമാണ് ഗതാഗതയോഗ്യമായിട്ടുള്ളത്.
ഡൽഹി ഓറിയന്റൽ ഇൻഫ്രാസ്ട്രെക്ചർ കമ്പനിക്കാണ് നിർമാണച്ചുമതലയുള്ളത്. കരാർപ്രകാരം 910 ദിവസംകൊണ്ട് പണി പൂർത്തിയാക്കി 2025 ഏപ്രിലിൽ എൻ.എച്ച്. അതോറിറ്റിക്ക് കൈമാറേണ്ടതായിരുന്നു. പണി എങ്ങുമെത്താതെ വന്നതോടെ പലഘട്ടങ്ങളിലായി എൻ.എച്ച്. എ.ഐ. കാലാവധി നീട്ടിനൽകി. 2027 മേയ് സത്തോടെ പൂർത്തിയാക്കണമെന്നാണ് പുതിയ നിർദേശം.
ഇപ്പോഴത്തെ നിലയിൽ ആറുമാസംകൊണ്ട് പണി പൂർത്തീകരിക്കാനാകുമെന്നത് അസാധ്യമാണെന്നാണ് വിലയിരുത്തൽ. ഇടപ്പള്ളിയിൽ ദേശീയപാത 47-ൽ സന്ധിക്കുന്ന ഭാഗത്തെ സങ്കീർണ ജോലികളും മറ്റും പൂർത്തിയാക്കേണ്ടതുണ്ട്. നിർമാണത്തിലെ അപാകവും ഡിസൈൻ പലതവണ മാറ്റേണ്ടിവന്നതും കല്ലിന്റെയും മണ്ണിന്റെയും ക്ഷാമവും പണി ഇഴഞ്ഞുനീങ്ങാൻ ഇടയാക്കി. പുഴമണൽ ഡ്രെജ്ജ് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. കരാറുകാർ വലിയതോതിൽ ഡ്രെജ്ജ് ചെയ്ത് മണൽ സംഭരിച്ചു. ഒടുവിൽ ഡ്രെജ്ജിങ്ങിനും സ്റ്റേ വന്നു.
ആവശ്യത്തിന് കല്ല് ലഭിക്കാനുള്ള തടസ്സം ഇപ്പോഴും തുടരുകയാണ്. 10 ലക്ഷം ടൺ മെറ്റൽ ഇനിയും ആവശ്യമായി വരുമെന്നാണ് കരാർ അധികൃതർ പറയുന്നത്. ചാലക്കുടിയിൽ ക്വാറി അനുവദിച്ചെങ്കിലും ക്രഷർ യൂണിറ്റ് പ്രവർത്തിപ്പിക്കാനായില്ല. ക്വാറി ഉത്പന്നങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയതോടെ മറ്റൊരു പ്രതിസന്ധിയായി.
ഡിസൈനിലെ മാറ്റം: എട്ടിടത്ത് പൊളിച്ചുപണി
: ഉയരത്തിൽ പണിതീർത്ത ദേശീയപാത സംസ്ഥാനത്ത് പലയിടങ്ങളിലും തകർന്നുവീഴുന്നത് വലിയ പരാതിക്കിടയാക്കിയിരുന്നു.
അതോടെ വിദഗ്ധസംഘം സംസ്ഥാനത്തുടനീളം പരിശോധന നടത്തി. മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ബ്ലോക്കുകൾ വെച്ച് പാർശ്വഭിത്തി കെട്ടിയത് ജില്ലയിലും പല ഭാഗത്തും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അതോടെ എട്ടുസ്ഥലങ്ങളിൽ തൂണിൽ നിർമിക്കാൻ തീരുമാനമായി. അവിടങ്ങളിൽ പണിതീർത്തത് പൊളിച്ച് തൂണിൽ പണിയുകയാണ്. മൂത്തകുന്നത്ത് ഡിസൈനിൽ മാറ്റം വന്നതോടെ എക്സിറ്റും എൻട്രിയും ഇല്ലാതായി. ശക്തമായ സമരത്തെ തുടർന്ന് അത് അനുവദിക്കേണ്ട ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. മറ്റിടങ്ങളിലും അടിപ്പാതയ്ക്കായി ജനകീയ മുറവിളിയുണ്ട്.
തൂണുകൾ താഴ്ന്നതിനെ തുടർന്ന് ഒൻപതുമാസമായി സ്തംഭിച്ച മൂത്തകുന്നം-വി.പി. തുരുത്ത് മേജർപാലത്തിന്റെ പണി ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല. വടക്കുനിന്നും പാത കടന്നുവരുന്ന 63 കിലോമീറ്റർ ദൈർഘ്യമുള്ള ചാവക്കാട്- കൊടുങ്ങല്ലൂർ റീച്ചിൽ പാതപണി ഏതാണ്ട് പൂർത്തിയായി ഗതാഗതം നടക്കുന്നുണ്ട്.