വാഹനങ്ങളുടെ അമിതവേഗം: കോട്ടപ്പുറം റോഡിൽ അപകടം പതിവ്

നാട്ടുകാർ ബോധവത്കരണം നടത്തും

അരൂർ : അരൂർ കോട്ടപ്പുറം റോഡിൽ അപകടങ്ങൾ നിത്യസംഭവം. വീതി കുറഞ്ഞതും വളവുകളോടുകൂടിയതുമായ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതാണ് കാരണം. കഴിഞ്ഞ ദിവസം ഈ റോഡിലെ കന്നാംപറമ്പ് ജങ്ഷന് സമീപം ബൈക്കിടിച്ച് സൈക്കിൾ യാത്രികനായ സമീപവാസി ആന്റണിക്ക് പരിക്കേറ്റിരുന്നു. അന്നുതന്നെ അമിതവേഗത്തിലായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടി, ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.

സ്‌കൂൾ കുട്ടികളടക്കം നിരവധി പേർ കാൽനടയായും സൈക്കിളിലും പോകുന്ന ഈ റോഡിലെ അമിതവേഗവും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാൻ നാട്ടുകാർ സംഘടിക്കുകയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ഇല്ലത്തുപടി ജങ്ഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്കായി ബോധവത്കരണം സംഘടിപ്പിക്കും. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, പൂച്ചാക്കൽ എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തിന് പോകുന്ന വാഹനങ്ങളാണ് ഇല്ലത്തുപടിയിൽ‌നിന്ന് തിരിഞ്ഞ് കോട്ടപ്പുറം വഴി അരൂർ പള്ളിക്ക് എതിർവശത്തെത്തി പോകുന്നത്. അരൂർ അമ്പലം ജങ്ഷനിൽ യു ടേൺ ഒരുക്കിയതോടെ ഇതൊഴിവാക്കുന്നതിനായാണ് ചെറു വാഹനങ്ങൾ കോട്ടപ്പുറം വഴി പോകുന്നത്.

പഞ്ചായത്ത് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് വാർഡുകളിലൂടെയാണ് കോട്ടപ്പുറം റോഡ് കടന്നുപോകുന്നത്. ഇതിൽ നാലാം വാർഡ് മെംബർ നിൻസി ജോബിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ചത്തെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇത് ഈ ഭാഗത്തെ ജനങ്ങളുടെ പ്രശ്‌നമായതിനാലാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് നിൻസി പറഞ്ഞു.

ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ.

: കോട്ടപ്പുറം റോഡ് അപകടമേഖലയായതോടെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ശനിയാഴ്ച ബോധവത്കരണം നടത്തി. അരൂർ മേഖലാ കമ്മിറ്റിയാണ് ഇല്ലത്തുപടി ജങ്ഷനിൽ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ഭാഗത്തേക്കുള്ള വണ്ടികൾ ദേശീയപാത വഴി കടന്നുപോവുക, കോട്ടപ്പുറം വഴി പോകുന്നവർ വേഗം കുറച്ച് പോവുക എന്നീ നിർദേശങ്ങളാണ് നൽകിയത്. മേഖലാ പ്രസിഡന്റ് അഡ്വ. അഞ്ജലി സുനിൽ, എം.എസ്. സുധീഷ്, ജിബി ഗോപി, മിഥുൻ എം.എം., അശ്വിൻ, കിരൺ, സുജീഷ്, അഖിൽ, ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.