തൃപ്പൂണിത്തുറയിൽ തീപ്പിടിത്തം

തൃപ്പൂണിത്തുറ : പൂർണത്രയീശ ക്ഷേത്രം - വടക്കേക്കോട്ട റോഡിൽ കോട്ടവാതിലിന് സമീപത്തെ നോർത്ത് ഫോർട്ട് റീജെൻസിയുടെ മൂന്നുനില കെട്ടിടത്തിൽ തീപ്പിടിത്തം. ഹോട്ടലും ബാങ്കും മെഡിക്കൽ ഷോപ്പുമുൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഒാടെയായിരുന്നു തീപ്പിടിത്തം. താഴെ റിസപ്ഷനിലും ഓഫീസിലുമുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. റിസപ്ഷനിലെ കംപ്യട്ടർ, സി.സി.ടി.വി. കൺട്രോൾ പാനൽ, എ.സി.കൾ, ഫർണിച്ചർ എന്നിവ പൂർണമായും ലിഫ്റ്റ് ഭാഗികമായും കത്തിനശിച്ചു.ചില്ല് വാതിലുകൾ ഉൾപ്പെടെ പൊട്ടി.

12 മുറികളും ഒരു മിനിഹാളും ഉൾപ്പെട്ടതാണ് ഹോട്ടൽ സമുച്ചയം. ഒന്നാംനിലയിൽ ഡൈനിങും മുകൾ നിലകളിൽ മുറികളുമുണ്ട്. അതിൽ രണ്ട് താമസക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ രക്ഷപ്പെട്ടതായും സംഭവമറിഞ്ഞ് ഓടിക്കൂടിയവർ പറഞ്ഞു.

താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയിലേക്കും മെഡിക്കൽ ഷോപ്പിലേക്കുമെല്ലാം പുക പടർന്നു. കെട്ടിടത്തിന് സമീപം ആശുപത്രിയും ഫ്ലാറ്റ് സമുച്ചയങ്ങളുമുണ്ട്. അന്തരീക്ഷത്തിൽ വലിയ തോതിൽ കറുത്ത പുകച്ചുരുളുകൾ ഉയർന്നതോടെ ജനങ്ങളും പരിഭ്രാന്തരായി. ഇത് ജനവാസ മേഖലയാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയന്നു പോയതായി ഓടിക്കൂടിയവർ പറഞ്ഞു.

അഗ്നിരക്ഷാസേനാ യൂണിറ്റെത്തിയാണ് തീ അണച്ചത്.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ലൈജു തമ്പിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജയൻ, സുബിൻ, ഷാഹുൽ, അരുൺ ഐസക്, റഫീഖ്, ജിനോ ജോൺ തുടങ്ങിയവർ ചേർന്നാണ് തീ അണച്ചത്.