പണിതിട്ടും പണിതിട്ടും തീരാത്ത ചോർച്ച; ആലുവ-പറവൂർ റോഡ് കുളമായി

കരുമാല്ലൂർ : ആലുവ-പറവൂർ പ്രധാനറോഡ് പുനർനിർമാണത്തിന്റെ ഭാഗമായി ജലവിതരണപൈപ്പിലെ ചോർച്ചയടയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പണി തീരുന്നില്ല. ഒരു ചോർച്ച അടയ്ക്കുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുകയാണ്. ഇത് തീരാത്തതിനാൽ റോഡ് ടാറിങ്ങും നീണ്ടുപോകുകയാണ്.

വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പാണ് ഇപ്പോഴും ഇവിടെയുള്ളത്. ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും ഇതിലൂടെതന്നെയാണ് വെള്ളമെത്തിക്കുന്നത്. പകരം സംവിധാനമായി ജൽജീവൻ പദ്ധതിപ്രകാരം റോഡ് തുരന്ന് പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, അതിലേക്കൊന്നും ഇപ്പോഴും കണക്ഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല.

പ്രധാനറോഡിൽ പൈപ്പ് സ്ഥാപിക്കുന്ന പണി പൂർത്തിയായിട്ടുണ്ടെങ്കിലും ജൽജീവൻ പൈപ്പുകൾ ഇടറോഡുകളിലേക്ക് പോകുന്ന സ്ഥലങ്ങളിൽ പലയിടത്തും പൂർത്തിയായിട്ടില്ലാത്തതാണ് പ്രശ്‌നം. പുതിയ പൈപ്പിലേക്ക് കണക്ഷൻ കൊടുത്തശേഷം റോഡ് പുനർനിർമാണം നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. അതിനാണെങ്കിൽ ഉദ്യോഗസ്ഥർ തുനിയുന്നുമില്ല. പഴയ പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കരുമാല്ലൂർ ആശുപത്രിപ്പടി കവലയിൽ ഈ പണി തുടങ്ങിയിട്ട് മാസങ്ങളായി. ചോർച്ച അടച്ച് കരാറുകാരൻ പോകുമ്പോഴേക്കും വീണ്ടും ചോർച്ചയുണ്ടാകുന്നു. വിതരണസമയത്ത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഇതിലൂടെ പാഴായിപ്പോകുന്നതുമാത്രമല്ല, റോഡാകെ കുളമായിരിക്കുകയുമാണ്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും മുസ്‌ലിം നമസ്‌കാരപള്ളിയിലേക്കുമെല്ലാം ആളുകൾക്ക് കടന്നുചെല്ലാൻപറ്റാത്ത അവസ്ഥയുണ്ട്.