തൃക്കാക്കരയിൽ പൈപ്പ് പൊട്ടിയ സംഭവം; കുടിവെള്ള പ്രതിസന്ധി

കുടിവെള്ള വിതരണം ഞായറാഴ്ചയോടെ സാധാരണ നിലയിലാവുമെന്ന് അധികൃതർ
കാക്കനാട് : ആലുവയിൽനിന്ന് കൊച്ചി നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ തകർന്നതോടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രതിസന്ധി. തൃക്കാക്കര പൈപ്പ് ലൈൻ ജങ്ഷനുസമീപം ബുധനാഴ്ച രാത്രിയിലാണ് റോഡിനടിയിലെ 900 എം.എം. പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റ് തള്ളിപ്പോയത്. ഇതോടെ വ്യാഴാഴ്ച മുഴുവൻ പമ്പിങ് മുടങ്ങി. വെള്ളിയാഴ്ച പുലർച്ചയോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെറിയ തോതിൽ പമ്പിങ് പുനരാരംഭിച്ചെങ്കിലും സാധാരണ നിലയിലുള്ള ജലവിതരണത്തിന് ഞായറാഴ്ചവരെ കാത്തിരിക്കേണ്ടിവരും. രണ്ടുദിവസത്തോളം പമ്പിങ് നിലച്ചതിനാൽ പ്രധാന പൈപ്പ് ലൈനുകളും വിതരണ ശൃംഖലയും പൂർണമായി നിറച്ച് വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ അളവിൽ വെള്ളമെത്തിക്കാൻ സമയമെടുക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
വൻ കുഴി; യാത്രക്കാർക്ക് ഭീഷണി
യൂണിവേഴ്‌സിറ്റിക്കും പൈപ്പ് ലൈൻ ജങ്ഷനും ഇടയിൽ പാലാരിവട്ടത്തേക്ക് തിരിയുന്ന ഭാഗത്തെ റോഡിനടിയിലൂടെയുള്ള 900 എം.എം. പ്രധാന പൈപ്പ് ലൈനിലാണ് തകരാർ സംഭവിച്ചത്. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടു. രാത്രിയിൽ വെള്ളക്കെട്ടിൽ ബൈക്ക് യാത്രികർ വീണതോടെ നാട്ടുകാർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പൈപ്പ് പൊട്ടിയതിനേത്തുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കും റോഡിന്റെ തകർച്ചയും പ്രദേശത്ത് ഗതാഗതത്തിനും ഭീഷണിയായി.
1050 എം.എം. ലൈനും നിർത്തി 900 എം.എം. ലൈനിലെ ചോർച്ചയെ തുടർന്ന് സമീപത്തുകൂടി പോകുന്ന 1050 എം.എം. ലൈനിലൂടെയുള്ള പമ്പിങ്ങും നിർത്തിവയ്ക്കേണ്ടിവന്നതാണ് കുടിവെള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. തൃക്കാക്കര, കളമശ്ശേരി, ഏലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമേ കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഏകദേശം 80 ശതമാനം പ്രദേശങ്ങളിലും വടുതല, വൈപ്പിൻ മേഖലകളിലും ജലവിതരണം തടസ്സപ്പെട്ടു. വീടുകൾക്കും സ്ഥാപനങ്ങൾക്കും പുറമേ വിവിധ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളെയും ജലക്ഷാമം ബാധിച്ചു.
പ്രഷർ വ്യതിയാനം; വാഹനത്തിരക്കും?
വൈദ്യുതി തടസ്സത്തെ തുടർന്ന് ലൈനിൽ പെട്ടെന്നുണ്ടായ പ്രഷർ വ്യതിയാനവും പൈപ്പ് ലൈൻ റോഡിലൂടെ ഭാരമേറിയ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതുമൂലമുണ്ടായ അലൈൻമെന്റ് വ്യതിയാനവുമാകാം പൈപ്പ് ലൈൻ തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഭാരവാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ചരക്കുവാഹനങ്ങൾ കയറുന്നത് തടയുന്നതിനായി ബാരിക്കേഡ് നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന താത്കാലിക ബാരിക്കേഡ് വാഹനയാത്രക്കാരിൽ ചിലർ മാറ്റിയിരുന്നു. പ്രധാന പൈപ്പ് ലൈനിന്റെ തകരാർ പരിഹരിച്ചെങ്കിലും പമ്പിങ് പൂർണതോതിൽ പുനഃസ്ഥാപിച്ച് വിതരണ ശൃംഖലയിൽ ആവശ്യമായ മർദം കൈവരിക്കാൻ സമയമെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഞായറാഴ്ചയോടെ ജലവിതരണം സാധാരണ നിലയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.