ചമ്പന്നൂർ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാൻ ഇനി സർക്കാർ കനിയണം

അങ്കമാലി : അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപമുള്ള ചമ്പന്നൂർ റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും പരിഹാരമായി വിഭാവനം ചെയ്ത റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാൻ ഇനിയും കടമ്പകളേറെ. പദ്ധതിയുടെ പ്രാഥമിക നടപടികൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അനുമതിയും ഭൂമിയേറ്റെടുക്കലിനുള്ള പിന്തുണയും ലഭിക്കാത്തതാണ് പ്രധാന തടസ്സം. ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിനായുള്ള പ്രാഥമിക മണ്ണുപരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
പാലത്തിന്റെ സാങ്കേതിക രൂപരേഖയായ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇതിന് അനുമതി ലഭിച്ചാൽ ഇരുവശത്തെയും അപ്രോച്ച് റോഡുകൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന് തുടക്കമിടാം. തുടർന്ന് ടെൻഡർ നടപടികളിലേക്കും കടക്കാനാകും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
മേൽപ്പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചമ്പന്നൂർ വ്യവസായമേഖലയിലെ ഏകദേശം 200 വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ഈ റെയിൽവേ ഗേറ്റ് പ്രധാന ഗതാഗതമാർഗമാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകൾ, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ചരക്കുനീക്കത്തെയും ഗേറ്റ് അടച്ചിടുന്നത് ബാധിക്കുന്നുണ്ട്. ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തിയിടുമ്പോഴും ഗേറ്റ് അടഞ്ഞുകിടക്കുന്നതിനാൽ ഗതാഗതതടസ്സം രൂക്ഷമാകുന്നു.
ഗേറ്റ് അടച്ചിട്ടിരിക്കുമ്പോൾ അതിനടിയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരും അപകടഭീഷണി നേരിടുന്നു. അടുത്തിടെ ട്രെയിൻ തട്ടി കാൽനടയാത്രക്കാരൻ മരിച്ച സംഭവവും മേൽപ്പാലം വേണമെന്ന ആവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. പദ്ധതിക്ക് നേരത്തേ ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയിരുന്നെങ്കിലും നിർമാണത്തിനാവശ്യമായ തുകയുടെ അനുമതി ലഭിച്ചിട്ടില്ല.
അടുത്ത സംസ്ഥാന ബജറ്റിൽ ആവശ്യമായ തുക നീക്കിവെക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്താൽ നിർമാണത്തിലേക്ക് കടക്കാനാകും. റെയിൽവേ ഗേറ്റ് പലപ്പോഴും അടച്ചിടേണ്ടി വരുന്നതിനാൽ ചമ്പന്നൂർ നിവാസികളുടെ ഗതാഗത മാർഗമാണ് അടയുന്നത്. രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതി വരെയുണ്ട്. പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്ത് ഇനിയെങ്കിലും മേൽപ്പാലം വേഗത്തിൽ യാഥാർഥ്യമാക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണ്.