അതിവേഗ റെയിൽ യാത്രയ്ക്ക് മാത്രം; ചരക്കുനീക്കം സാധ്യമല്ല-ഇ. ശ്രീധരൻ

#കെ.പി പ്രവിത

കൊച്ചി : തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പാതയെ ചരക്കുനീക്കത്തിന് ഉപയോഗപ്പെടുത്താനാകില്ലെന്ന് ഇ. ശ്രീധരൻ. പോർട്ട് സിറ്റിയെന്ന ആശയം അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് നടപ്പാക്കാനാകില്ലെന്നും ശ്രീധരൻ പറഞ്ഞു.

‘കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോർട്ട് സിറ്റിയെന്ന ആശയം ഉൾക്കൊണ്ട് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. റോഡ്, റെയിൽ, സമുദ്രം, ഉൾനാടൻ ജലപാതകൾ എന്നിവയെല്ലാം ബന്ധിപ്പിച്ചാണ് പോർട്ട് സിറ്റി ആസൂത്രണം ചെയ്യുന്നത്. അതിവേഗ റെയിൽപദ്ധതി ആ രീതിയിലേക്ക് മാറ്റാനാകില്ല. യാത്രാസർവീസ് മാത്രം ഉദ്ദേശിച്ചാണിതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്’-ശ്രീധരൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

അതിവേഗ റെയിൽ പദ്ധതിയുടെ റിപ്പോർട്ട് ഉൾപ്പെടെ എല്ലാം സജ്ജമാണ്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ കാലതാമസമില്ലാതെ നടപ്പാക്കാനാകും. എന്നാൽ പോർട്ട് സിറ്റി എന്ന ആശയം യാഥാർഥ്യമാക്കാൻ നടപടിക്രമങ്ങൾ ഏറെ ശേഷിക്കുന്നുണ്ട്. ഗതാഗത സർവേ ഉൾപ്പെടെ നടത്തണം. പഠനത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കണം. ആവശ്യമായ ഫണ്ടിങ് കണ്ടെത്തണം. ഇതിനെല്ലാം വളരെയധികം സമയമെടുക്കും- ശ്രീധരൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

തീരുമാനം ഒരുമാസത്തിനകം

അതിവേഗ റെയിൽ പദ്ധതിയിലുള്ള സർക്കാർ തീരുമാനം ഒരുമാസത്തിനകം അറിയിക്കാമെന്നാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അറിയിച്ചത്. മേയിൽ സർക്കാരിന് റിപ്പോർട്ട് കൊടുത്തതാണ്. മൂന്നുമാസം കഴിഞ്ഞു. ഇനിയും നടപടിയൊന്നുമായില്ല. അതിനാലാണ് മുഖ്യമന്ത്രിയെ കാണാൻ പോയത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നു.

സാമ്പത്തിക ബാധ്യതയുണ്ടാകില്ല

സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകാതെ പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ അതിവേഗ റെയിൽ പദ്ധതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 57,000 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ ചെലവ് 60,000 കോടി രൂപയാകും. ഈ തുക കണ്ടെത്തുന്നതിനാവശ്യമായ മാർഗങ്ങളാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. ഡി.എം.ആർ.സി.യെ നിർമാണം ഏൽപ്പിക്കുകയാണെങ്കിൽ അധിക ചെലവ് വരാതെ പദ്ധതി പൂർത്തിയാക്കാനാകും.

കേരളത്തിന് ആവശ്യം

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പദ്ധതി പിന്നീട് കാസർകോട്ടേയ്ക്കും നീട്ടാനാകും. ഈ ദിശയിലുള്ള യാത്രയ്ക്ക് മണിക്കൂറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാനും കഴിയും. പദ്ധതി നടപ്പായാൽ 2.28 ലക്ഷം പേർക്ക് ഒരുദിവസം യാത്രചെയ്യാനാകും. കേരളത്തിലെ നാല് എയർപോർട്ടുകളെയും ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.