‘നോട്ടൗട്ടാ’ണ് ഈ സ്വപ്നങ്ങൾ...

കൊച്ചി: ആ കുഞ്ഞുങ്ങളുടെ കൈമുദ്രകൾ പതിഞ്ഞ കാൻവാസിലേക്ക് കൈകൾ ചേർത്തുവെക്കുമ്പോൾ സുനിലിന്റെയും ലിജിയുടെയും മുഖത്ത് ഓർമ്മകൾ ‘നോട്ടൗട്ടാ’യിരുന്നു. പ്രിയപ്പെട്ട മകൻ ജെയ്ഡന്റെ ഓർമ്മകൾ തെളിഞ്ഞ ആ വേദിയിൽനിന്ന് അവർ പറഞ്ഞത് ഒന്നുമാത്രം, “ഈ കുഞ്ഞുങ്ങളുടെ ചിരിക്കുന്ന മുഖങ്ങളിലെല്ലാം ഞങ്ങൾ കാണുന്നത് ജെയ്ഡനെയാണ്. ഇവരുടെ കൈപിടിച്ച് യാത്രപോകുമ്പോൾ ഞങ്ങളുടെ വിരൽത്തുമ്പിൽ തൂങ്ങുന്നത് ജെയ്ഡനാണ്...” പതിനെട്ടാം വയസ്സിൽ തങ്ങളോട് വിടപറഞ്ഞ ഭിന്നശേഷിക്കാരനായ മകന്റെ ഓർമ്മയിൽ ജീവിതത്തിൽ പുതിയ ഇന്നിങ്‌സ് തുടങ്ങിയവരാണ് സുനിൽ ബേബിയും ഭാര്യ ലിജി സുനിലും. ‘18 നോട്ടൗട്ട്’ എന്ന പേരിൽ ഇവർ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ് ഇപ്പോൾ ഭിന്നശേഷിക്കാരായ ഒരുപാട് കുട്ടികളുടെ സ്വപ്നങ്ങളുടെ ഇടമാണ്.
പത്തനംതിട്ട സ്വദേശിയായ സുനിലും ചെങ്ങന്നൂർ സ്വദേശിയായ ലിജിയും ബെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഷവോമി ഇന്ത്യയിൽ ചീഫ് ബിസിനസ് ഓഫീസർ എന്ന ഉന്നത പദവിയിലെ ജോലി രാജിവെച്ചാണ് സുനിൽ ‘18 നോട്ടൗട്ട്’ എന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയത്. ഒന്നര വയസ്സിൽ മസ്തിഷ്കജ്വരം ബാധിച്ച ജെയ്ഡൻ വൈകാതെ ചലനശേഷി നഷ്ടപ്പെട്ട് വീൽച്ചെയറിലാവുകയായിരുന്നു. മകനെ സ്പെഷ്യൽ സ്കൂളിൽ ചേർത്തപ്പോൾ ലിജിയാണ് രാവിലെ അവനെ സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്. വൈകുന്നേരം വരെ അവിടെ മകന് കൂട്ടിരുന്ന ആ അമ്മ അവനുമായാണ് എന്നും വീട്ടിലേക്ക് മടങ്ങിയിരുന്നത്. മകനെപ്പോലെ ഒരുപാട് കുട്ടികളെ കണ്ട ലിജി, അങ്ങനെയാണ് സ്പെഷ്യൽ സ്കൂൾ ഇൻസ്ട്രക്ടറാകാനുള്ള കോഴ്‌സ് പഠിക്കുന്നത്. അത് പാസായ ലിജി സ്പെഷ്യൽ സ്കൂളിൽ ഇൻസ്ട്രക്ടറായി, ഇപ്പോൾ നൂറുകണക്കിന് കുട്ടികൾക്കാണ് ആശ്വാസമേകുന്നത്.
ഒരുപാട് ചികിത്സ നൽകിയെങ്കിലും മൂന്നുവർഷം മുൻപ് ജെയ്ഡൻ മരണത്തിന് കീഴടങ്ങി. മകന്റെ മരണത്തിൽ ആകെ തകർന്ന സുനിലും ലിജിയും അതിജീവനത്തിനായി പിടിച്ചത് ഭിന്നശേഷിക്കാരായ കുറേ കുഞ്ഞുങ്ങളുടെ കൈകളിലായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി സ്ഥാപിതമായ ‘18 നോട്ടൗട്ട്’ ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് കലാ-കായിക കഴിവുകൾ പ്രദർശിപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദിയൊരുക്കലാണ് ഇവരുടെ പ്രധാന പരിപാടി. ഭിന്നശേഷിക്കാരായ കുട്ടികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ യാത്ര കൊണ്ടുപോകാറുണ്ട്. അടുത്തയാഴ്ച ഋഷികേശിലേക്കാണ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായി ഇവരുടെ യാത്ര.
“മകന്റെ മരണം എത്രമേൽ ഞങ്ങളെ ഉലച്ചുകളഞ്ഞുവെന്ന് പറഞ്ഞറിയിക്കാനാകില്ല. ഇപ്പോൾ നഷ്ടപ്പെട്ട മകന്റെ സ്ഥാനത്ത് അവനെപ്പോലെയുള്ള ഒരുപാട് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾ വരുമ്പോൾ അതൊരു പ്രതീക്ഷയും നിയോഗവുമാണ്. അവർക്കായി ഞങ്ങളുടെ സ്വപ്നങ്ങൾ നോട്ടൗട്ടായി തുടരും.” സുനിലും ലിജിയും പറയുന്നു.