ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി: പ്രത്യേകാനുമതി തേടി - മന്ത്രി അനൂപ് ജേക്കബ്

ചോറ്റാനിക്കര : ചോറ്റാനിക്കര സാഫല്യം ഭവനപദ്ധതി നടപ്പാക്കാൻ പ്രത്യേകാനുമതി തേടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതുസംബന്ധിച്ചു ഹൗസിങ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫിനു കത്തു നൽകിയിട്ടുണ്ട്.

പ്രത്യേക അനുമതി ലഭിക്കുന്നതോടെ ഫ്ലാറ്റുകളുടെ പുനർനിർമാണത്തിനും, ഗുണഭോക്താക്കളുടെ പുനരധിവാസത്തിനും വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ.

ഫ്ലാറ്റുകളുടെ ഉചിതമായ പുനർനിർമാണത്തിനായി 2027-28 സാമ്പത്തിക വർഷത്തിൽ 2.27 കോടി വകയിരുത്തണമെന്ന് പ്ലാനിങ് ബോർഡിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, പദ്ധതി നടത്തിപ്പിനായി അധികമായി വരുന്ന തുക ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കിയ സാഫല്യം ഭവനപദ്ധതിയിലെ ഫ്ലാറ്റുകളുടെ പുനർനിർമാണം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടേറിയറ്റിൽ ഭക്ഷ്യമന്ത്രിയുടെ ചേംബറിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണു പ്രത്യേക അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കായി കേരള സംസ്ഥാന ഭവന ബോർഡ് നേതൃത്വം നൽകിയ പദ്ധതിയുടെ ഭാഗമായാണ് സാഫല്യം ഫ്ലാറ്റ് നിർമിച്ചത്. പദ്ധതിക്കായി ചോറ്റാനിക്കര പഞ്ചായത്ത് 33.9 ഏക്കർ ഭൂമി ഏറ്റെടുക്കുകയും 54 ലക്ഷം രൂപ ഭവന ബോർഡിന് കൈമാറുകയും ചെയ്തിരുന്നു.

2016-ൽ നിർമാണം പൂർത്തിയാക്കി 24 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ കൈമാറി. എന്നാൽ, കെട്ടിട നിർമാണത്തിലെ ഗുരുതര പിഴവുകൾ കാരണം ചുമരുകളിൽ വലിയ വിള്ളലുകളുണ്ടായി. സൺഷേഡുകൾ തകരുകയും കെട്ടിടം അപകടാവസ്ഥയിലാവുകയും ചെയ്തു. വിദഗ്ധ പരിശോധനയിൽ കെട്ടിടം വാസയോഗ്യമല്ലെന്നു കണ്ടെത്തി. പഞ്ചായത്ത് 24 കുടുംബങ്ങളെയും ഫ്ലാറ്റുകളിൽനിന്ന് ഒഴിപ്പിക്കുകയും ഇവർ താത്കാലികമായി വാടക വീടുകളിലേക്ക് മാറുകയും ചെയ്തു. ഈ ഫ്ലാറ്റാണ് പുനർനിർമിക്കുന്നത്.