ആലുവ പറവൂർ കവല: ഫ്രീ ലെഫ്റ്റ് റെഡിയായി...

ആലുവ : കാത്തിരുന്ന്... കാത്തിരുന്ന്.... ഫ്രീ ലെഫ്റ്റ് സംവിധാനം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയെങ്കിലും യു.സി. കോളേജ് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വേണ്ടത്ര ഉപകരിക്കുന്നില്ലെന്ന് ആക്ഷേപം. ആലുവ പറവൂർ കവലയിലെ പുതിയ ഫ്രീ ലെഫ്റ്റ് സംവിധാനത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
ദേശീയപാത സിഗ്നലിൽ ഏറെ സമയം കാത്തു കിടക്കാതെ ആലുവ-പറവൂർ ദേശസാത്കൃത റോഡിലേക്ക് എളുപ്പത്തിൽ പോകാനാണ് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കിയത്.
ഫ്രീ ലെഫ്റ്റ് മീഡിയനോ, പ്രത്യേക മാർക്കിങ്ങോ ചെയ്യാതെ വേർതിരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ലെഫ്റ്റിലേക്ക് തിരിയാൻ സ്ഥലം നൽകാതെ അങ്കമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം സിഗ്നൽ കാത്ത് ഫ്രീ ലെഫ്റ്റ് കൈയടക്കിയിരിക്കുകയാണെന്നാണ് പരാതി.
പറവൂർ കവലയിലെ ഈ ഭാഗത്തെ സിഗ്നലിൽ ആറ് വരിയിലാണ് വാഹനങ്ങൾ പച്ച സിഗ്നലിനായി കാത്തുകിടക്കുന്നത്. ഇതോടെ യു.സി. കോളേജ് ഭാഗത്തേക്ക് പോകേണ്ടവർ ഈ വാഹനങ്ങൾക്ക് പിന്നിലായി പഴയതു പോലെ കാത്തുകിടക്കേണ്ട അവസ്ഥയിലുമായി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ഫ്രീ ലെഫ്റ്റ് സംവിധാനം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മൂന്നര വർഷം മുൻപ് അന്നത്തെ ഗതാഗതമന്ത്രി പറവൂർ കവല സന്ദർശിച്ച് ഫ്രീ ലെഫ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ തുടർ നടപടികൾ മന്ദഗതിയിലാവുകയായിരുന്നു.
ഫ്രീ ലെഫ്റ്റിന് തടസ്സമായി നിന്ന ട്രാൻസ്‌ഫോർമർ അവിടെ നിന്നും മാറ്റിയിരുന്നു. മഴക്കാലത്ത് റോഡിൽ മെറ്റൽ മാത്രമിട്ടതോടെ ഫ്രീ ലെഫ്റ്റിന്റെ ഭാഗത്ത് കുണ്ടും കുഴിയും നിറഞ്ഞു. വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഈ സമയത്ത് ഇതിലൂടെ സഞ്ചരിച്ചത്.
പ്രതിഷേധം ശക്തമായതോടെ ഏതാനും ദിവസം മുൻപാണ് 120 മീറ്റർ ദൂരം ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്ത് ഫ്രീ ലെഫ്റ്റ് സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ ഇതിന്റെ ഗുണഫലം അനുഭവിക്കാനും വാഹനയാത്രക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും ഫ്രീ ലെഫ്റ്റ് മാർക്ക് ചെയ്യുകയോ, ദേശീയപാതയിൽ നിന്ന് വേർതിരിച്ച് മീഡിയൻ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.