കാഞ്ഞൂർ-തുറവുംകര റോഡിൽ യാത്രാദുരിതം

കാഞ്ഞൂർ : കാഞ്ഞൂർ-തുറവുംകര റോഡിൽ നവീകരണം നടക്കാത്തതിനാൽ യാത്രാദുരിതം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ)യുടെ അധീനതയിലുള്ള അരക്കിലോമീറ്റർ ദൂരമാണ് നവീകരിക്കാതെ കിടക്കുന്നത്.
മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. റോഡിൽ ഏറ്റവും വീതികുറവുള്ള ഭാഗമാണ് സിയാലിന്റെ അധീനതയിലുള്ളത്. ഈ ഭാഗത്ത് വീതികൂട്ടുക എന്ന ആവശ്യം നിരവധിനാളുകളായി നാട്ടുകാർ ഉയർത്തിക്കാട്ടുന്നുണ്ട്. രണ്ടുവർഷം മുൻപ് നാട്ടുകാർ ഒപ്പിട്ട ഭീമഹർജി സിയാൽ എം.ഡി.ക്ക് നൽകുകയും വിഷയം പരിഹരിക്കാമെന്ന് ഉറപ്പുലഭിക്കുകയും ചെയ്തതാണ്. ടാറിങ് നടത്തിയ ഭാഗത്തിന് ഇരുവശവും കാടുകയറിക്കിടക്കുന്നതിനാൽ റോഡിന്റെ വീതി പരിമിതപ്പെട്ടിരിക്കുകയാണ്. കാടുവെട്ടിത്തെളിച്ച് ടാറിങ്ങിനപ്പുറമുള്ള ഭാഗം ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡിന്റെ ഇരുവശങ്ങളിലും കാടുകയറിയതിനാൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം വർധിച്ചു. റോഡിലെ ചതിക്കുഴികൾ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാരെ അപകടത്തിലാക്കുന്നു. മഴപെയ്യുമ്പോൾ കുഴികളിൽ വെള്ളംനിറഞ്ഞ് ആഴം തിരിച്ചറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.
പാറപ്പുറം-വല്ലംകടവ് പാലം തുറന്നതോടെ കിഴക്കൻ മേഖലകളിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന നിരവധി യാത്രക്കാർ കാലടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാഞ്ഞൂർ-തുറവുംകര റോഡിനെയാണ് ആശ്രയിക്കുന്നത്. പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയെയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളെയും നേരിൽക്കണ്ട് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.