ശ്രീ മുദ്ര ദേശീയ നൃത്തോത്സവത്തിന് തുടക്കം

കൊച്ചി : ചിത്രാ ആർട്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തെ ശ്രീമുദ്ര ദേശീയ നൃത്തോത്സവത്തിന് ചാവറ കൾച്ചറൽ സെന്ററിൽ തുടക്കമായി. സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ, ടി.ജെ. വിനോദ് എം.എൽ.എ., മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഉമാമഹേശ്വരി, കലാമണ്ഡലം സുമതി, കരിവെള്ളൂർ മുരളി എന്നിവർചേർന്ന് തിരിതെളിച്ച് തുടക്കം കുറിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അനുഗ്രഹസന്ദേശം നൽകി. ഫെസ്റ്റിവൽ ഡയറക്ടർ ചിത്രാ സുകുമാരൻ, വന്ദനാ നായർ എന്നിവർ പ്രസംഗിച്ചു.

ജംഷീന ജമാൽ (മോഹിനിയാട്ടം), അനിതാ ജാനകി ആൻഡ് ടീം, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, സൗമ്യവതി ബാലഗോപാൽ, (ഭരതനാട്യം) എന്നിവരുടെ നൃത്തത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. പ്രതിഭാ പ്രഹ്ലാദ്, ഡോക്ടർ കലാകൃഷ്ണ, തകഴി ഓമന, ഡോക്ടർ എൻ.ജെ. നന്ദിനി, കവിത കൃഷ്ണകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രതിഭാ പ്രഹ്ലാദ് ഡോ. കലാ കൃഷ്ണകുമാർ എന്നിവരുടെ നൃത്തപരിപാടി ആദ്യദിനത്തെ മനോഹരമാക്കി.

​ഞായറാഴ്ച വൈകീട്ട് നാലുമുതൽ ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി നാടൻനൃത്തങ്ങൾ എന്നിവ ഉണ്ടാകും.

രണ്ടാം ദിവസത്തെ ഫെസ്റ്റിവൽ ഉദ്ഘാടനം വൈകീട്ട് ആറിന് ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, മുരളി തുമ്മാരുകുടി, സന്തോഷ് കീഴാറ്റൂർ എന്നിവർചേർന്ന് നിർവഹിക്കും. തുടർന്ന് ഡോ. വസുന്ധര ദൊരസ്വാമി (ഭരതനാട്യം-മൈസൂരു ശൈലി), സന്ധ്യാ മനോജ് (ഒഡീസി), നീലഭാനു സത്യം (തപ്പേറ്റഗുള്ള് നാടൻനൃത്തം-ആന്ധ്ര നാടൻരൂപം) എന്നിവ അവതരിപ്പിക്കും. ശ്രീമുദ്ര സമഗ്രസംഭാവന പുരസ്കാരങ്ങളും വിതരണം ചെയ്യും.