പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സംവിധാനമൊരുക്കി സിയാൽ

നെടുമ്പാശ്ശേരി : പാർക്കിങ് ബേയിലുള്ള വിമാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ആധുനിക സംവിധാനം സജ്ജമാക്കി. അന്താരാഷ്ട്ര ടെർമിനലിൽ 15.04 കോടി രൂപ ചെലവിൽ സ്ഥാപിച്ച ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് (ബി.എം.ഇ.) സംവിധാനമാണിത്. ഈ മാസം 24-ന് കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ വി.ഡി. സതീശൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.

വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുമ്പോൾ അവയിലെ വൈദ്യുത ആവശ്യങ്ങൾ നിർവഹിക്കുക എന്നതാണ് ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റിന്റെ പ്രധാന ചുമതല. സാധാരണയായി വിമാനത്തിന്റെ എൻജിനുകളോ ഓക്‌സിലറി പവർ യൂണിറ്റോ പ്രവർത്തിപ്പിച്ച് അതിലെ ഇന്ധനം ഉപയോഗിച്ചാണ് ഇത്തരം ആവശ്യങ്ങൾക്കുള്ള വൈദ്യുതി കണ്ടെത്തുന്നത്. ഇത് വലിയ രീതിയിലുള്ള ഇന്ധനച്ചെലവിന് കാരണമാകും. ഇതിനുപകരം വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമേനിന്ന് എത്തിക്കുകയാണ് ബി.എം.ഇ. ചെയ്യുന്നത്. വിമാനത്താവളത്തിലെ എയ്‌റോബ്രിഡ്ജിൽ ഘടിപ്പിച്ചിട്ടുള്ള ബി.എം.ഇ. വഴി പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷൻ ചെയ്ത എയറും നേരിട്ട് ലഭ്യമാക്കുന്നു. മണിക്കൂറിൽ 122 മുതൽ 145 കിലോഗ്രാം കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാനും ശബ്ദമലിനീകരണം കുറയ്ക്കാനും ഏപ്രണിലെ പ്രവർത്തനം കൂടുതൽ സുരക്ഷിതവുമാക്കാനും ഇതിലൂടെ സാധിക്കും.