നാടുമുഴുവൻ തെരുവുനായ്ക്കൾ; പാളി എ.ബി.സി. പദ്ധതി

മുളന്തുരുത്തി : തെരുവുനായ ശല്യം പരിഹരിക്കാൻ മുളന്തുരുത്തി വെറ്ററിനറി ആശുപത്രി വളപ്പിൽ സ്ഥാപിച്ച എ.ബി.സി. കേന്ദ്രത്തിന്റെ പ്രവർത്തനം തുടക്കത്തിൽ തന്നെ പാളിയതായി പരാതി. തെരുവുനായ്ക്കളെ അതതു പ്രദേശങ്ങളിൽ നിന്നും പിടിച്ച് എ.ബി.സി. കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്തു കൊണ്ടുവിടുന്ന മൃഗ ജനന നിയന്ത്രണ പദ്ധതിയാണ് നടപ്പാക്കാനാകാതെ പാളിപ്പോയത്. ജില്ലാ പഞ്ചായത്തും മുളന്തുരുത്തി-പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ കീഴിലുള്ള ഗ്രാമപ്പഞ്ചായത്തുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ചു വിട്ടാൽ കുറെക്കാലം കഴിയുമ്പോൾ തെരുവുനായ്ക്കൾ തന്നെ വംശമറ്റു പോകുമെന്നു വരെ ഉദ്ഘാടന കാലത്ത് അധികാരികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എ.ബി.സി. കേന്ദ്രത്തിലെ ഷെൽറ്ററിൽ എവിടെ നിന്നോ എത്തിച്ച രണ്ടോ മൂന്നോ തെരുവുനായ്ക്കൾ മാത്രമാണുള്ളത്. എന്നാൽ എ.ബി.സി. കേന്ദ്രത്തിനു തൊട്ടടുത്ത് മുളന്തുരുത്തി കരവട്ടെക്കുരിശിൽ പതിനെട്ടോളം തെരുവുനായ്ക്കളാണ് നാട്ടുകാർക്ക് ഭീഷണിയായിട്ടുള്ളത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി നടപ്പാക്കിയ പദ്ധതി വഴി തെരുവുനായ്ക്കളൊഴികെയുള്ള വളർത്തു മൃഗങ്ങളുടെ വന്ധ്യംകരണം മാത്രമാണിപ്പോൾ നടക്കുന്നത്.
എ.ബി.സി. കേന്ദ്രത്തിൽ തെരുവുനായ്ക്കളെ പിടിക്കാൻ ആളെക്കിട്ടാത്തതും ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതുമാണ് കേന്ദ്രം പ്രവർത്തിക്കുന്നതിന് പ്രധാന തടസ്സം. പട്ടിയെ പിടിക്കാൻ വിദഗ്ധരായ തൊഴിലാളികളെ നിയമിക്കാതായതോടെ വന്ധ്യംകരിക്കാൻ ചുമതലപ്പെട്ട ജീവനക്കാരാണ് തെരുവുനായ്ക്കളെ പിടിച്ച് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയിരുന്നത്.
ഇവിടെ നായ്ക്കളെ കൈകാര്യം ചെയ്യാൻ നാലു പേരും ഒരു ഡോക്ടറും ഒരു പാരാമെഡിക്കൽ സ്റ്റാഫും ഒരു ശുചീകരണത്തൊഴിലാളിയുമുൾപ്പെടെ ഏഴു പേരാണുള്ളത്. നായ്ക്കളെ പിടിക്കുന്നതിനുള്ള പ്രതിഫലമുൾപ്പെടെ കിട്ടാതാകുകയും ശമ്പളം തുടർച്ചയായി മുടങ്ങുകയും ചെയ്തതോടെ തെരുവുനായ്ക്കളെ പിടിക്കുന്നതും നിന്നു.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ചേർന്ന് പദ്ധതിയിൽ തുക വകയിരുത്തിയാലേ എ.ബി.സി. കേന്ദ്രത്തിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ഇക്കാര്യത്തിൽ ആവശ്യമായ കാര്യക്ഷമത നടത്തിപ്പുകാർ കാട്ടാതെ വന്നതോടെയാണ് നാട്ടിൽ നായ്ക്കൾ പെറ്റുപെരുകിയിട്ടും എ.ബി.സി. കേന്ദ്രത്തിലെ ഷെൽറ്ററുകൾ ഒഴിഞ്ഞു കിടക്കുന്നത്. പിടിച്ച തെരുവുനായ്ക്കളുടെ മാലിന്യം സംസ്കരിക്കാൻ ആവശ്യത്തിനു സംവിധാനമില്ലാതെ വന്നതോടെ സമീപ വാസികളുടെ പരാതികളും എ.ബി.സി. കേന്ദ്രത്തിനെതിരേ ഉയർന്നിരുന്നു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിടപെട്ട് ഷെൽറ്ററിൽ നിന്നുള്ള മാലിന്യം നിക്ഷേപിക്കാൻ സെപ്റ്റിക് ടാങ്കുകൾ നിർമിച്ചതോടെയാണ് ആ പരാതി അവസാനിച്ചത്.