തന്ത്രവിദ്യാപീഠം ആചാര്യപുരസ്‌കാരം സമർപ്പിച്ചു

കരുമാല്ലൂർ : ആലുവ കിഴക്കേ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ 113-ാം ജന്മദിനം ആചാര്യസ്മൃതിദിനമായി ആചരിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് മുൻ ചെയർമാൻ മധു എസ്. നായർ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.

തന്ത്രവിദ്യാപീഠം മുഖ്യരക്ഷാധികാരി പ്രൊഫ. പി.എം. ഗോപി അധ്യക്ഷത വഹിച്ചു. തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ ആചാര്യപുരസ്‌കാരങ്ങൾ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരിക്കും കൊമ്പങ്കുളം വിഷ്ണു അക്കിത്തിരിപ്പാടിനും പ്രൊഫ. സി.ജി. വിജയകുമാറിനും സമർപ്പിച്ചു. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ചെങ്ങോത്ത് ശ്രീനിവാസൻ പോറ്റി ആചാര്യനെ അനുസ്മരിച്ചു. തന്ത്രവിദ്യാപീഠം സെക്രട്ടറി എം.പി. സുബ്രഹ്മണ്യ ശർമ, വർക്കിങ് പ്രസിഡന്റ് എൻ. ബാലമുരളി എന്നിവർ പ്രസംഗിച്ചു.