'ലൈറ്റ് മരിച്ചേ' നാടകം അവതരിപ്പിച്ച് വിദ്യാർഥികൾ '

കാലടി : വിവാദമായ 'ലൈറ്റ് മരിച്ചേ' നാടകം സംസ്‌കൃത സർവകലാശാലാ കാമ്പസിൽ വീണ്ടും അവതരിപ്പിച്ചു. സർവകലാശാലാ കാമ്പസിനു മുന്നിൽ സസ്‌പെൻഷനിലായ എസ്.എഫ്.ഐ. വിദ്യാർഥികൾ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിനു സമീപമായിരുന്നു അവതരണം. സസ്‌പെൻഷനിലായ വിദ്യാർഥികൾ തന്നെയാണ് കഥാപാത്രമായത്. സർവകലാശാല തിയേറ്റർ വിഭാഗത്തിൽ കേടായ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലൈറ്റുകളുടെ ശവദാഹം നടത്തുന്ന രീതിയിലായിരുന്നു നാടകം.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും നാടകം കണ്ടു. സർവകലാശാല സിൻഡിക്കേറ്റ് യോഗം നടക്കുമ്പോൾ ഓഗസ്റ്റ് 13-ന് ഈ നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, വൈസ് ചാൻസലർ സിസ തോമസിന്റെ പ്രതീകാത്മക ശവദാഹം നടത്തി പ്രതിഷേധിക്കുകയായിരുന്നു വിദ്യാർഥികൾ എന്നാണ് സർവകലാശാല കണ്ടെത്തിയത്.

തങ്ങൾ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവദാഹം നടത്തിയിട്ടില്ലെന്ന് വിദ്യാർഥികൾ ആവർത്തിച്ചെങ്കിലും സർവകലാശാലാ അധികൃതരും സിൻഡിക്കേറ്റും ചെവിക്കൊണ്ടില്ല. വിദ്യാർഥികൾക്കെതിരേ നിയമനടപടി ഉണ്ടാകുകയും ചെയ്തു. നാടകാവതരണം നടക്കുമ്പോൾ സിൻഡിക്കേറ്റ് യോഗം പൂർത്തിയാക്കി വൈസ് ചാൻസലർ പുറത്തിറങ്ങിയപ്പോൾ സംഘർഷാവസ്ഥ ഉണ്ടാകുകയും അതിനിടെ തന്നെ വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചതായി വൈസ് ചാൻസലർ ആരോപിക്കുകയും ചെയ്തു. ഔദ്യോഗിക വാഹനത്തിനും കേടുപാടുണ്ടായി. ഇതിനേ തുടർന്നാണ് 16 വിദ്യാർഥികൾക്കെതിരേ സസ്‌പെൻഷൻ നടപടി ഉണ്ടായതും 10 വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നഷ്ടമായതും. വിദ്യാർഥികൾ നടത്തിയ നാടകത്തിൽ എന്ത് തെറ്റാണുള്ളതെന്ന് എം.വി. ജയരാജൻ ചോദിച്ചു. സിൻഡിക്കേറ്റ് നടന്ന ദിവസത്തെ നാടകാവതരണത്തിന്റെയും ഇന്ന് അവതരിപ്പിച്ച നാടകത്തിന്റെയും വീഡിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് താൻ കൊടുക്കുമെന്നും രണ്ടും ഒന്നുതന്നെയെന്ന യാഥാർഥ്യം മന്ത്രി മനസ്സിലാക്കട്ടെയെന്നും ജയരാജൻ പറഞ്ഞു.