കുറുപ്പംപടി ടൗണിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശങ്ങൾ

കുറുപ്പംപടി : കുറുപ്പംപടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മനോജ് മൂത്തേടൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജോയ് പൂണേലി, മാത്യൂസ് തരകൻ, ജെയ്ബി സജി, മേരി പൗലോസ്, കെ.കെ. മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, ബേബി കളിയായത്ത്, എസ്. മോഹനൻ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ: 1. കുറിച്ചിലക്കോടു നിന്നും വരുന്ന വേങ്ങൂർ, കോതമംഗലം, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഡയറ്റ് സ്കൂളിന്റെ പ്രധാന ഗേറ്റ് കഴിഞ്ഞ് റൂറൽ ബാങ്കിന്റെ മുൻപിൽനിന്ന് ഇടത്തോട്ടും പെരുമ്പാവൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ വലത്തോട്ടും തിരിഞ്ഞുപോകണം. 2. കൃഷ്ണ ആശുപത്രിയുടെ മുൻപിലുള്ള സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ആശുപത്രിയുടെ ഗേറ്റിന് പിന്നിൽ മാത്രം പാർക്ക് ചെയ്യണം. 3. ഫുട്പാത്ത് െെകയേറി വ്യാപാരം നടത്തുന്നതും നിർമാണം നടത്തിയിട്ടുള്ളതും അടിയന്തരമായി നീക്കംചെയ്യുന്നതിന് തീരുമാനിച്ചു. ഇതിനായി പൊതുമരാമത്ത് റോഡിലും പഞ്ചായത്ത് റോഡിലും അതത് വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. 4. പ്രധാന റോഡുകളിലുള്ള അനധികൃത പാർക്കിങ്ങിനെതിരേ കർശന നടപടി സ്വികരിക്കും. 5. റോഡരികിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വഴിയോരക്കച്ചവടം നിരോധിക്കും. 6. ടൗണിൽ വാഹനങ്ങൾക്ക് ദിശാസൂചക ബോർഡുകൾ സ്ഥാപിക്കും. 7. പ്രധാന ജങ്‌ഷനിൽ പോലീസിന്റെയും ഹോംഗാർഡുകളുടെയും സാന്നിധ്യം ഉറപ്പാക്കും. 8. എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഹോംഗാർഡിന്റെ സേവനം ലഭ്യമാക്കുന്നതിന് സ്കൂൾ അധികൃതരോട് ആവശ്യപ്പെടും. 9. കൃഷ്ണ ആശുപത്രിയുടെ മുൻ ഭാഗത്ത് ടൈൽ വിരിക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കും.