തലമുറകളുടെ ഓർമ്മകളുണർത്തി രക്തരക്ഷസ് വീണ്ടും അരങ്ങിലെത്തി

അങ്കമാലി : അരങ്ങിൽ വെളിച്ചം തെളിഞ്ഞപ്പോൾ തലമുറകളുടെ ഓർമ്മകളുണർത്തി ആ ഗാനമുയർന്നു. 'സൽക്കലാദേവിതൻ ചിത്രഗോപുരങ്ങളേ...', കാലങ്ങൾപോയ വഴിത്താരകൾ ആ വരികളിൽ നിറഞ്ഞു. 53 വർഷം മുൻപ് ഭയവും ഉദ്വേഗവും കലർന്ന ദൃശ്യാനുഭവം സമ്മാനിച്ച രക്തരക്ഷസ് നാടകമാണ് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിലെ അരങ്ങിൽ വീണ്ടുമെത്തിയത്.

പുത്തൻ സാങ്കേതികവിദ്യയുടെ മികവിൽ കൂടുതൽ ശക്തമായ ശബ്ദവെളിച്ച അനുഭവങ്ങളുമായാണ് രക്തരക്ഷസ്സിന്റെ രണ്ടാംവരവ്. ഹാളിലെ ഇരുട്ടിൽ കാണികളുടെ തലയ്ക്ക് മുകളിലൂടെ ഒരു വിമാനം പറന്നെത്തിയതോടെയാണ് രംഗമുണർന്നത്. അരങ്ങിലെ റൺവേയിൽ ഇറങ്ങിയ വിമാനവും യാത്രക്കാരെ കൊണ്ടുപോകാൻ ഓടിച്ചുവന്ന ഒറിജിനൽ കാറുമുൾപ്പെടെ പിന്നീടങ്ങോട്ട് നാടകം 'സിനിമാറ്റിക്’ കൂടിയായ ദൃശ്യാനുഭവമായി. 7.1 ശബ്ദവിന്യാസവും ഓരോ രംഗവും അനുഭവിപ്പിക്കാനുതകുന്ന വെളിച്ചസംവിധാനവും നടീനടന്മാരുടെ അഭിനയമികവുമെല്ലാം ചേർന്ന് രക്തരക്ഷസ് കാണികളുടെ നെഞ്ചിൽത്തൊട്ടു.

അരനൂറ്റാണ്ട് മുൻപ് ജഗതി എൻ.കെ. ആചാരി രചിച്ച് കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത് അവതരിപ്പിച്ച രക്തരക്ഷസ് കൃഷ്ണൻനായരുടെ മകനായ അനന്തപത്മനാഭനാണ് പുനഃസംവിധാനം ചെയ്തിരിക്കുന്നത്. 'ഏരീസ് കലാനിലയം' എന്ന ബാനറിലാണ് പുതിയ രക്തരക്ഷസ് നാടകം രംഗത്തവതരിപ്പിക്കുന്നത്.

വെള്ളിയാഴ്ച അങ്കമാലിയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള എ.സി. ഹാളിൽ ആരംഭിച്ച നാടകപ്രദർശനം നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ ടോണി ആന്റണി മുഖ്യാതിഥിയായി പങ്കെടുത്തു.